22
Oct 2023
Tue
22 Oct 2023 Tue

ജിദ്ദ: സൗദിയില്‍ തലവെട്ടി വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പ്രതിയെ വെറുതെ വിട്ടു. വടക്കന്‍ സൗദിയിലെ ചരിത്ര നഗരമായ തബൂക്ക് ആണ് ഉദ്വേഗം നിറഞ്ഞ ഒരധ്യായത്തിന് സാക്ഷ്യം വഹിച്ചത്. തബൂക്കിലെ വധശിക്ഷ നടപ്പാക്കുന്ന സ്‌ക്വയറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലക്കേസ് പ്രതിയുടെ തല ഉടലില്‍ നിന്ന് വേര്‍പ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. ആരാച്ചാര്‍ വാള്‍ വീശാനൊരുങ്ങുന്നു. അപ്പോഴതാ ഒരു വിളിയാളം! കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഘാതകന് മാപ്പ് കൊടുത്തിരിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു അത്. അതോടെ, പ്രതിക്രിയ കൊല നടപ്പാക്കുന്നതില്‍ ഇസ് ലാമിക നിയമം വയ്ക്കുന്ന മനോഹരമായ ഇളവ് ആയിരുന്നു അവിടെ പ്രാവര്‍ത്തികമായത്.

അഞ്ചു വര്‍ഷം മുമ്പ് തബൂക്കില്‍ വച്ചുണ്ടായ കൊലപാതകമാണ് സംഭവങ്ങള്‍ക്ക് ആസ്പദം. പ്രതിയും ഇരയും സൗദി പൗരന്മാര്‍ തന്നെ. ഇസ് ലാമിക ശരീഅത്ത് പ്രകാരം കേസ് തെളിഞ്ഞാല്‍ കൊലപാതകിക്ക് ലഭിക്കുക വധശിക്ഷയാണ്. എന്നാല്‍ ഇരയുടെ ബന്ധുക്കള്‍ക്ക് മാത്രമുള്ള അവകാശ പ്രകാരം പ്രതിക്ക് മാപ്പ് ലഭിക്കുകയും ചെയ്യാം. അതേസമയം പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളും ഇവിടെ ഇരയുടെ ഉറ്റവര്‍ തള്ളിക്കളഞ്ഞിരുന്നു.

പിന്നെ കഴുത്ത് വെട്ടല്‍ മാത്രമാണ് ബാക്കിയായിരുന്നത്. അത് നടപ്പാവുന്ന നിമിഷങ്ങളിലായിരുന്നു ഇരയുടെ പിതാവിന്റെ പ്രഖ്യാപനമുണ്ടായത്. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് മാത്രം പ്രതിക്ക് മാപ്പ് നല്‍ക്കുകയാണ്’.ഇതോടെ വധശിക്ഷാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയും പ്രതിയെ സ്വതന്ത്രനാക്കുകയും ചെയ്തു.