21
Oct 2023
Wed
21 Oct 2023 Wed

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. പുരുഷ ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തിയപ്പോൾ മലയാളികളടക്കമുള്ള താരങ്ങൾ അണിനിരന്ന 4×400 മീറ്റർ പുരുഷ റിലേയിലും രാജ്യം പൊന്നണിഞ്ഞു. ജാവലിനിൽ ഇന്ത്യയുടെ ലോക- ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയാണ് സുവർണ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യക്കാരനായ കിഷോർ ജെനയ്ക്കാണ് വെള്ളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീസണിലെ മികച്ച പ്രകടനമായ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം കൈപ്പിടിയിലാക്കിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലിൽ ജെന പുറത്തെടുത്തത്. 87.54 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്. പരിക്കിനെ തുടർന്ന് ലോക അത്‌ലറ്റിക്‌
ചാമ്പ്യൻഷിപ് വെള്ളിമെഡൽ ജേതാവ് പാകിസ്താന്റെ അർഷദ് നദീം മത്സരത്തിനു മുമ്പേ പിന്മാറിയതിനാൽ ഇരുതാരങ്ങളും ഏറെക്കുറെ മെഡൽ ഉറപ്പിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ സ്വർണവും വെള്ളി‍യും ഒരുമിച്ച് നേടുനത്. 2018ലെ ജക്കാർത്ത ഗെയിംസിൽ നീരജിന് സ്വർണവും നദീമിന് വെങ്കലവുമായിരുന്നു. 89.94 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച ദൂരം.

4×400 മീറ്റർ പുരുഷ റിലേയിൽ മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും രാജേഷ് രമേഷും ഉൾപ്പെട്ട ടീമാണ് ഒന്നാമതെത്തിയത്. മൂന്നു മിനിറ്റും ഒരു സെക്കൻഡുമെടുത്താണ് (3:01:58) ടീം സ്വർണം സ്വന്തമാക്കിയത്.

ഖത്തർ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടി. മൂന്നു മിനിറ്റും 27 സെക്കൻഡുമെടുത്താണ് (3:27:65) ഇന്ത്യൻ താരങ്ങൾ രണ്ടാമതെത്തിയത്. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ വെള്ളി നേടി.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 82 ആയി. മെഡൽ നേട്ടത്തിൽ ചരിത്ര നേട്ടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ഗെയിംസിന്‍റെ 72 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ ഇത്രയും മെഡലുകൾ നേടുന്നത് ഇതാദ്യമായാണ്. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

രാവിലെ മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചത്. ജ്യോതി സുരേഖ- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന അവസാന ഏഷ്യൻ ​ഗെയിംസിൽ 70 മെഡലുകൾ നേടിയായിരുന്നു ഇന്ത്യ ചരിത്രം കുറിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.