മലപ്പുറം: മലപ്പുറത്ത് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം. മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഒമ്പത് കുട്ടികൾക്കും 38 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ബാലമിത്ര പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലൂടെയാണ് കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തിയത്.
|
2023 സെപ്തംബർ 20 മുതൽ നവംബർ 30 വരെയാണ് മലപ്പുറം ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ച വിവരം അറിയുന്നത്.
പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായാൽ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്താനും ചികിത്സ നടത്താനുമുള്ള പരിപാടിയാണ് ബാലമിത്ര. സ്കൂൾ അധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി ഇവർ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടെത്തിയാൽ വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.
സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവൽകരണ ക്യാമ്പയിൻ നടത്തിയതിന്റെ ഫലമായി വിദ്യാർഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങൾ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്തുകയും അതിലൂടെ പുതിയ കുഷ്ഠരോഗികളെ ജില്ലയിൽ കണ്ടെത്തുകയുമാണ് ഉണ്ടായത്. ഐക്യരാഷ്ട്രസഭ സഭയുടെ നിർദേശപ്രകാരം 2030ഓടുകൂടി ലോകത്തിൽ നിന്നും നിർമ്മാർജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠം.





