28
Oct 2023
Fri
28 Oct 2023 Fri

കോഴിക്കോട്: ഹമാസ് ഭീകരവാദി പരാമർശം പ്രതിഷേധത്തിനും വിവാദത്തിനും വഴിവച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എംപി. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശി തരൂർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്‍റെ പരാമർശം. ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമണവും ഇസ്രായേൽ ​ഗസയിൽ നടത്തിയത് മനുഷ്യത്വരഹിതമായ ആക്രമണമാണ് എന്നും തരൂർ പറഞ്ഞിരുന്നു.

അതേസമയം, തരൂരിന് ശേഷം റാലിയിൽ പ്രസംഗിച്ച മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എം.പിയും എം കെ മുനീർ എംഎൽഎയും പരാമർശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും വ്യക്തമാക്കി.