19
Nov 2023
Sat
19 Nov 2023 Sat

മുഹമ്മദ് ഷമിയും വേര്‍പിരിഞ്ഞ ഭാര്യയും ഒന്നിക്കുമോ? ഷമിയെ പ്രശംസകൊണ്ട് മൂടി ഹസിന്‍ ജഹാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യ ലോകകപ്പ് കലാശക്കളിക്ക് യോഗ്യത നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി, വേര്‍പിരിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയുമായി ഒന്നിക്കുമോ? ന്യൂസിലന്‍ഡിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഷമി ഇന്ത്യയുടെ വിജയം ഉറപ്പിച്ചതിന് പിന്നാലെ താരത്തെ പ്രശംസകൊണ്ട് മൂടി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹം സജീവമായത്. ഹസിന്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹസിന്‍ ജഹാന്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ സജീവമാണ്. പഴയ പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന വീഡിയോയാണ് അധികവും വരാറുള്ളത്.

ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോള്‍ പ്യുവര്‍ ലവ് (പരിശുദ്ധ പ്രണയം) എന്നാണ് ഹസിന്‍ കുറിച്ചിരിക്കുന്നത്. ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇതിലെ വരികളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഷമിക്കുള്ള സന്ദേശമാണെന്ന് ഇവര്‍ പറയുന്നു. നിന്റെ നാമത്തിലൂടെ ലോകം എന്നെ അറിയും, നിന്റെ മുഖത്തിലൂടെ എന്നെ അവര്‍ തിരിച്ചറിയും, എന്നായിരുന്നു ഗാനത്തിലെ വരികള്‍.

നിരവധി പേരാണ് ഹസിന്‍ ജഹാനും ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഈ വരികളിലെ അര്‍ത്ഥം ഷമിയുടെ പ്രശസ്തിയിലൂടെ ഹസിനും അറിയപ്പെടുന്നുവെന്നാണെന്ന് ആരാധകര്‍ പറയുന്നു. ഇരുവരുടെയും കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല.

ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും വാതുവെപ്പ് നടത്തിയെന്നും ആരോപിച്ചാണ് ഹസിന്‍ പിരിഞ്ഞത്. ഹസിന്‍ ജഹാന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാര്‍ പുതുക്കിയിരുന്നില്ല. ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഷമിക്കെതിരെ അവര്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ ഷമി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നായിരുന്നു ഷമിയുടെ മറുപടി. രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു. നിലവില്‍ ഇരുവരും അകന്ന് താമസിക്കുകയാണ്. ഇവരുടെ വിവാഹമോചനത്തിലും തീരുമാനമായിട്ടില്ല.