22
Dec 2023
Tue
22 Dec 2023 Tue

പെട്രോളിൽ നിന്ന് ഇലക്ട്രിക്കിലേക്ക് പൂർണമായും യുഎഇയിൽ പരിവർത്തനം ചെയ്ത ആദ്യ വാഹനം യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ അവതരിപ്പിക്കും. നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ ശ്രദ്ധേയമായ നടപടിയുടെ അടയാളപ്പെടുത്തൽ കൂടിയാവും പ്രസ്തുത ചടങ്ങ്. ദുബയ് ആസ്ഥാനമായ പീക് മൊബിലിറ്റിയെന്ന സ്റ്റാർട്ടപ്പ് ആണ് ഇതിനു പിന്നിൽ. യുഎഇ നിരത്തുകളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് സഹായകമാവുന്ന പെട്രോളിൽ നിന്ന് ഇലക്ട്രിക്ക് ആയി വാഹനങ്ങളെ മാറ്റുന്ന ഈ സാങ്കേതിക വിദ്യക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സാക് ഫൈസലെന്ന 24കാരനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഴയ കാറുകളുടെ ബോഡിയും ഷാസിയുമൊക്കെ നിലനിർത്തി അവയെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന ഈ സാങ്കേതിക വിദ്യ 30 ശതമാനം വരെ ചെലവുകുറഞ്ഞതും പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണസമയത്തിന്റെ 80 ശതമാനം കുറവും മാത്രം മതിയെന്നതും പീക് മൊബിലിറ്റിയുടെ ഉദ്യമത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. 2022ലാണ് സാക് ഫൈസൽ പീക് മൊബിലിറ്റിക്ക് തുടക്കം കുറിച്ചത്. യുഎഇ നിരത്തുകളിലെ കാറുകളും ലോറികളുമൊക്കെ ഇലക്ട്രിക് വാഹനങ്ങളാക്കി പരിവർത്തിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് യുഎഇയിൽ 52000 ഡോളറോളമാണ് വില. എന്നാൽ പെട്രോൾ വാഹനങ്ങളെ ഇലക്ട്രിക് ആക്കി മാറ്റുമ്പോൾ 30 മുതൽ 50 ശതമാനം വരെ ചെലവ് കുറയും. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിനുള്ള ചെലവ് കൂടുതൽ പേർക്ക് താങ്ങാൻ ഇതിലൂടെ കഴിയുമെന്ന് സാക് ഫൈസൽ പറയുന്നു.

2022ലെ കണക്കുപ്രകാരം യുഎഇ നിരത്തുകളിൽ 11300ലേറെ ടാക്സി കാറുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 10 മുതൽ 20 ശതമാനം വരെ വാഹനങ്ങൾ ഓരോ വർഷത്തിലും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉപേക്ഷിക്കാതെ ആ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റാൻ തനിക്കു നൽകണമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയോട് യുവാവ് ആവശ്യപ്പെടുന്നു. യുഎഇയിൽ ജനിച്ചുവളർന്ന സാക് ഫൈസൽ ബ്രിട്ടനിൽ വിദ്യാഭ്യാസം നേടുന്നതിനിടെയാണ് പീക് മൊബിലിറ്റിയെക്കുറിച്ചുള്ള ആശയം കിട്ടുന്നത്.

ഇടത്തരം കാറുകളും ബസ്സുകളുമൊക്കെയാണ് പീക് മൊബിലിറ്റി ഇലക്ട്രിക് വാഹനങ്ങളായി ആദ്യഘട്ടത്തിൽ പരിവർത്തനം ചെയ്തത്. പീക് മൊബിലിറ്റി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന അഞ്ഞൂറോളം വാഹനങ്ങൾ 2024ഓടെ ദുബയ് നിരത്തുകളിൽ ഓടിത്തുടങ്ങുമെന്ന് സാക് ഫൈസൽ പറയുന്നു. പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റുന്ന മാതൃക യുഎഇയിൽ നിന്ന് ലോകമാകെ വ്യാപിക്കാൻ സർക്കാരുമായി ചേർന്നുപ്രവർത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാക് ഫൈസൽ പറഞ്ഞു.