കുറഞ്ഞ ചെലവിൽ യാത്രയും കൂടുതൽ ലഗേജ് കൊണ്ടുപോകാനും സഹായിക്കുന്ന ഗൾഫ്-കേരള കപ്പൽ യാത്രയ്ക്ക് ചിറകുമുളയ്ക്കുന്നു. യാത്രാകപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചതോടെയാണ് നാളുകളായുള്ള ആവശ്യം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
|
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി കഴിഞ്ഞ മാസം നടത്തിയ വെര്‍ച്വൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.
പതിനായിരം രൂപയ്ക്ക് യാത്ര സാധ്യമാവും എന്നതാണ് കപ്പൽയാത്രയെ ആകർഷണീയമാക്കുന്നത്. 200 കിലോ ലഗേജും കൊണ്ടുവരാനാവും. മൂന്ന് ദിവസമാണ് യാത്രസമയം. ഭക്ഷണവും ടിക്കറ്റിലുൾപ്പെടുന്നത്. ഇതിനൊപ്പം വിനോദപരിപാടികളും കപ്പലിലുണ്ടാവും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി വർധിപ്പിക്കുന്നത് പ്രവാസി മലയാളികൾക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ ചെലവുകുറഞ്ഞ യാത്രയിലൂടെ വിശേഷ അവസരങ്ങളിൽ നാട്ടിൽ വന്നുപോകാനാവും എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് പകരുക.
അതേസമയം, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി മുരളധീരനെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





