29
Dec 2023
Wed
29 Dec 2023 Wed

പണ്ട് കാലത്ത് തന്റെ വീട്ടിലടക്കം ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനം കൊണ്ട് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന രീതിയിൽ കൃഷ്ണകുമാർ അവതരിപ്പിച്ചത്. തന്റെ വീട്ടില്‍ പണിക്കാർക്ക് പണ്ട് മണ്ണില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട് എന്നാണ് ഇയാൾ അഭിമാനത്തോടെ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെയാണ് തന്റെ വീട്ടിൽ പണ്ട് പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണിൽ കുഴികുത്തിയായിരുന്നെന്ന കാര്യം ഓർത്തെടുക്കുന്നത്.

പണിയെടുത്ത് കുഴഞ്ഞുവരുന്ന പണിക്കാര്‍ ചേമ്പില വിരിച്ച മണ്ണിലെ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരുമെന്നാണ് ബിജെപി നേതാവിന്റെ വാക്കുകൾ. അഞ്ചു മാസം മുൻപുള്ള ദൃശ്യങ്ങൾ ആണെകിലും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴാണ് ഇത് ചർച്ചയായത്.

കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ വിവരിക്കുന്നത്. മണ്ണിൽ പണിയെടുത്തിരുന്നവർക്ക് കുഴികുത്തി ഭക്ഷണം നൽകിയിരുന്ന തൊട്ടുകൂടായ്മ രീതിയെ ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആക്കുന്നതിനെതിരെ വിമർശനവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രം​ഗത്തെത്തുന്നത്.