20
Jan 2024
Thu
20 Jan 2024 Thu

മയാമി: ഒരു യാത്ര പോലും പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതലേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കപ്പലാണ്, ഐക്കണ്‍ ഓഫ് ദ സീസ്. വിവിധനിറങ്ങളിലുള്ള കപ്പലിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍, പലരുമതിനെ വിമര്‍ശിച്ചു. ഐക്കണ്‍ ഓഫ് ദ ഹെല്‍ എന്നുവരെ കപ്പലിനെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. മറ്റുചിലര്‍ കാന്‍ഡി ക്രഷ് ഗെയിം പോലുണ്ട് കപ്പല്‍ കാണാനെന്നാണ് പറഞ്ഞത്. എന്തായാലും ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ കപ്പലാണിതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്, ഒടുവില്‍ കപ്പല്‍ ആദ്യയാത്രയ്ക്കൊരുങ്ങുകയാണ്. ജനുവരി 27-ന് മയാമിയില്‍നിന്നാണ് കന്നിയാത്ര തുടങ്ങുന്നത്. ഏഴുരാത്രി നീളുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക്, 1,859 ഡോളര്‍ മുതലാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരുമിത്. ഏറ്റവും കൂടിയ നിരക്ക് 2,109 ഡോളറും.

ചില്ലും ത്രില്ലും നൈറ്റ് ലൈഫും ഒത്തുചേരുന്ന മനോഹരമായ അനുഭവമായിരിക്കും, ഇതിലെ യാത്രയെന്ന് ഉടമസ്ഥര്‍ പറയുന്നു. ഐഫല്‍ ടവറിനേക്കാള്‍ നീളമുണ്ട് കപ്പലിനെന്നാണ് പറയപ്പെടുന്നത്. മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളേക്കാള്‍ വലിപ്പവും. 20 ഡെക്കുകളിലുള്ള ഈ കപ്പലില്‍ 7600 യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 10,000-ത്തോളം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. പല രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍ ഇതില്‍ ലഭിക്കും. 40 ബാറുകളുമുണ്ട്. ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരമാണിതിനുള്ളത്. ടൈറ്റാനിക്കിന്റെ ഭാരം 46,329 ടണ്‍ ആയിരുന്നുവെങ്കില്‍, ഇതിന്റേത് 2,50,800 ടണ്‍ ആണ്.

ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം കപ്പലിലുണ്ട്. ഒപ്പം ഏഴ് സ്വമ്മിങ് പൂളുകള്‍, ആക്ടിവിറ്റി സെന്ററുകള്‍, ലൈവ് മ്യൂസിക് ഷോ…തുടങ്ങി ഒരു ആഡംബര റിസോര്‍ട്ടിലേതുപോലുള്ള ഒട്ടനവധി വിനോദസൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഒരു വാട്ടര്‍ തീം പാര്‍ക്കിലേതുപോലുള്ള ആറ് വാട്ടര്‍ സ്ലൈഡുകള്‍ കപ്പലിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിലൊന്ന് ഏറ്റവും ഉയരമുള്ള വാട്ടര്‍ സ്ലൈഡായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യത്തെ ഓപ്പണ്‍ ഫ്രീ ഫോള്‍ വാട്ടര്‍ സ്ലൈഡും കപ്പലിലുണ്ട്. കുട്ടികള്‍ക്ക് മാത്രമുള്ള വാട്ടര്‍ പാര്‍ക്കുകള്‍ വേറെ.

റോയല്‍ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥര്‍. ലോകത്ത് ഏറ്റവും വലിയ കപ്പലുകളിറക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് റോയല്‍ കരീബിയന്‍. 900 ദിവസം കൊണ്ട് ഫിന്‍ലാന്‍ഡിലാണ് ‘ഐക്കണ്‍ ഓഫ് ദ സീസ്’ നിര്‍മിച്ചത്. ഏകദേശം 200 കോടി രൂപയാണ് നിര്‍മാണച്ചെലവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജൂണില്‍ തന്നെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഈ കപ്പല്‍ യാത്ര തുടങ്ങുന്നതോടെ, നിലവിലെ വലിയ കപ്പലായ ‘വണ്ടര്‍ ഓഫ് ദ സീസി’ന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. 2022-ല്‍ യാത്ര തുടങ്ങിയ ആ കപ്പലില്‍ 7000 പേരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. അതിന്റെ ഉടമസ്ഥരും റോയല്‍ കരീബിയന്‍ തന്നെയാണ്.