19
Jan 2024
Sun
19 Jan 2024 Sun

ദുബായ്: പ്രവാസത്തിന്റെ വേറിട്ട കഥ പറയുന്ന ‘രാസ്‌ത’ ഗൾഫ്‌ നാടുകളിൽ പ്രദർശനത്തിനെത്തി. പൂർണമായും ഒമാനിൽ ചിത്രീകരിച്ച ആദ്യത്തെ മലയാള ചിത്രം പ്രേക്ഷകർക്ക്‌ വ്യത്യസ്‌ത അനുഭവമായിരിക്കുമെന്ന്‌ സംവിധായകൻ അനീഷ്‌ അൻവർ ദുബായിൽ പറഞ്ഞു. കുട്ടിക്കാലത്ത്‌ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടി പിന്നീട്‌ അമ്മയെ തേടി ഒമാനിലെത്തുന്നതാണ്‌ സിനിമയുടെ പ്രമേയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനിൽ വീട്ട്‌ ജോലിക്കെത്തിയ അമ്മ എവിടെയോ കാണാതാവുന്നു. അവരെ തേടിയുള്ള യാത്രയിൽ അനുഭവിക്കുന്ന സംഭവബഹുലമായ കഥയാണ്‌ അനീഷ്‌ അൻവർ ‘രാസ്‌ത’ യിലൂടെ പറയുന്നത്‌. ലോകത്ത്‌ ഏറ്റവും ദുർഘടമായ റൂബ്‌ അൽ ഖാല മരുഭൂമിയിൽ ഒറ്റപ്പെട്ട്‌ പോയ നാല്‌ പേരുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്‌-രാസ്‌ത.

സഊദി അറേബ്യ, ഒമാൻ, യമൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന മണൽ സമുദ്രം എന്ന്‌ വിശേഷിപ്പിക്കാവുന്ന റൂബ്‌ അൽഖാലി മരുഭൂമിയുടെ സൗന്ദര്യവും ഒപ്പം തീക്ഷ്‌ണതയും അനാവരണം ചെയ്യുന്ന സിനിമയാണിത്‌. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിൽ സാഹസികമായി ചിത്രീകരിച്ച രാസ്‌ത പ്രവാസ സിനിമകളിൽ പുതിയ ്‌അനുഭവമായിരിക്കുമെന്ന്‌ സംവിധായകൻ അനീഷ്‌ അൻവർ പറഞ്ഞു.

പ്രവാസിയായ ലിനു ശ്രീനിവാസ്‌ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌ പ്രവാസികളായ ഷാഹുലും ഫായിസ്‌ മടക്കരയും ചേർന്നാണ്‌. സർജാനോ ഖാലിദ്‌ നായക വേഷത്തിലുള്ള രാസ്‌തയിൽ അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്‌, ഇർഷാദ്‌ അലി, ടി.ജി രവി, അനീഷ്‌ അൻവർ തുടങ്ങിയവരാണ്‌ മുഖ്യ കഥാപാത്രങ്ങൾ. ഒമാനി, പാകിസ്ഥാനി അഭിനേതാക്കളും വേഷമിടുന്നു. അവിൻ മോഹൻ സിതാരയുടെ സംഗീതത്തിൽ മികച്ച ഗാനങ്ങളും വിഷ്‌ണുനാരായണന്റെ ഛായാഗ്രഹണവും പ്രേക്ഷകരെ ആകർഷിക്കും.