08
Jan 2024
Thu
08 Jan 2024 Thu

എസ്എഫ്ഐയുടെ ആക്രമണത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകൻ ആശുപത്രിയിൽ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥി യൂനിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ റപ്രസന്റേറ്റീവ് സീറ്റ് പരാജയത്തെ തുടർന്ന് മഹാരാജാസ് കാംപസിൽ എസ്എഫ്ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ നടന്ന സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയിൽ എസ്എഫ്ഐ നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത്. നിരവധി ദിവസങ്ങളിലായി വിദ്യാർഥികൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളാണ് എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്.

താമസ സ്ഥലത്തടക്കം കയറി ഫ്രറ്റേണിറ്റി പ്രവർത്തകനെ മർദിച്ച എസ്എഫ്ഐയുടെ നേതാക്കളടക്കമുള്ളവർക്കെ തിരേ പൊലീസ് വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ്എഫ്ഐ ഫ്രറ്റേണിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നതെന്നും അബ്ദുൽ ബാസിത് പറഞ്ഞു.

കോളജിലെ അധ്യാപകനെ കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി പ്രവർത്തകർ മർദിച്ചു എന്ന പ്രചാരണം കൂടി എസ്എഫ്ഐയും വിദ്യാർഥി യൂനിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ്എഫ്ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഈ പ്രചാരണത്തിന്റെ മറവിൽ കഴിഞ്ഞദിവസം രാത്രി ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ എസ്എഫ്ഐ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചതായും ഗുരുതരമായി പരിക്കേറ്റ് ബിലാൽ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും അബ്ദുൽ ബാസിത് പറഞ്ഞു.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ഏറ്റെടുത്ത മാധ്യമങ്ങൾ ഫ്രറ്റേണിറ്റിയുടെ വിശദീകരണം ഉൾപ്പെടുത്താതെ ഏകപക്ഷീയമായ പ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അബ്ദുൽ ബാസിത് ആരോപിച്ചു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാംപസിൽ തുടരുന്ന ആസൂത്രിത ഗുണ്ടാ രാഷ്ട്രീയത്തെ വിദ്യാർഥികൾ തിരിച്ചറിയുക തന്നെ ചെയ്യും. വ്യാജ പ്രചാരണങ്ങളുടെയും തിരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കാംപസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർഥികളും തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത് ആവശ്യപെട്ടു.

അതേസമയം എസ്എഫ്ഐ നേതാവ് നാസർ അബ്ദുൽറഹ്മാന് കുത്തേറ്റ സംഭവത്തിൽ ഒരു വിദ്യാർഥിനി അടക്കം 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൽമാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും കെ.എസ്.യു- ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക