തിരുവനന്തപുരം :
കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യം വച്ചു പൊതു – സ്വകാര്യ സംയുക്ത സംരംഭത്തിന്റെ(പിപിപി )ഭാഗമായി ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റീജൻസി ഗ്രൂപ്പ് 250 കോടി രൂപ നിക്ഷേപിക്കാൻ ധാരണയായി. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം(എംഒയു )ഇന്നലെ തിരുവനന്തപുരത്ത് വച്ചു കൈമാറി.
|
ഇതിന്റെ ആദ്യപടിയായി 50 കോടി രൂപ ഉടനെ നൽകാനും കായികമന്ത്രി വി അബ്ദുറഹിമാനും റീജൻസി – ഗ്രാൻഡ് ഗ്രൂപ്പ് എം ഡി ഡോ . അൻവർ അമീൻ ചേലാട്ടും ധാരണ പത്രത്തിൽ ഒപ്പു വച്ചതോടെ തീരുമാനമായി.ബാക്കി തുക നാലു വർഷത്തിനകം നിക്ഷേപിക്കും.
കേരളത്തിലെ സർക്കാർ സ്കൂളുകളിലെ യും മറ്റ് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികൾക്ക് ആവശ്യമായ ഉന്നത നിലവാരത്തിലുള്ള ഹൈടെക് കായിക ഉപകരണങ്ങൾ, യൂണിഫോം, മറ്റു സാമഗ്രികൾ എന്നിവയുടെ നിർമാണവും വിതരണവുമാണ് ലക്ഷ്യം .സർക്കാരിന്റെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കാനുള്ള റീജൻസി ഗ്രൂപ്പിന്റെ ആത്മാർത്ഥ സമീപനത്തിൽ മന്ത്രി അബ്ദുറഹ്മാൻ സംതൃപ്തി പ്രകടിപ്പിച്ചു.
കേരളത്തിന്റെ സർവതോൻമുഖമായ കായിക പുരോഗതിക്ക് സർക്കാരിന്റെ ഈ സംയുക്ത സഹകരണ സമീപനം വൻ തോതിൽ പ്രയോജനപ്പെടുമെന്ന് റീജൻസി എംഡി അൻവർ അമീൻ ചേലാട്ട് വ്യക്തമാക്കി. കായിക വകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐഎഎസ് ചടങ്ങിന് നേതൃത്വം നൽകി.


