മലപ്പുറം: 6 മാസമായി മലപ്പുറത്ത് തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സമരകാര്യം നിയമസഭയിലുന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമര നേതാക്കൾക്കുറപ്പ് നല്കി. ഡി.സി.സി.പ്രസിഡന്റ് വി എസ് ജോയിയും പാർട്ടി പ്രവർത്തകരുമായി സത്യാഗ്രഹ വേദിയിലെത്തി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
|
ഇളം തലമുറ ലഹരിയിൽ വീഴാതിരിക്കാൻ പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കണമെന്നും തദ്ദേശഭരണകൂടങ്ങളുടെ മദ്യ നിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്നുമുള്ള സമരാവശ്യം മിതവും ന്യായവുമാണെന്നു അദ്ദേഹം പ്രസ്താവിച്ചു. അനിയന്ത്രിതമായി മദ്യം വ്യാപിപ്പിക്കുകയും മറ്റു ലഹരി വർദ്ധനകൾക്ക്മുമ്പിൽ അനങ്ങാതെ നില്ക്കുകയും ചെയ്യുന്ന സർക്കാർ നാടു തകർക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യാഗ്രഹനേതാക്കൾ പ്രത്യഭിവാദ്യമർപ്പിച്ചു.
നേരത്തെ 174-ാം ദിന സത്യാഗ്രഹം സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി സംസ്ഥാന സമിതി അംഗം മധുസൂദനൻ, പത്മിനി ടീച്ചർ, എ പി ഹംസ്സ, വി പി കുഞ്ഞു, എന്നിവർ സംസാരിച്ചു.


