റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ്(36) ആണ് മരിച്ചത്. താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നു.
|
വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സിയാദിനെ ഉടന്‍ എക്‌സിറ്റ് ഒമ്പതിലെ അല്‍ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. ആശുപത്രി മോര്‍ച്ചറിയിലുള്ള മയ്യിത്ത് ഇന്ന് ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂല്‍ സലാം മഖ്ബറയില്‍ മറവു ചെയ്യും. മാതൃസഹോദര പുത്രന്‍ മുഹമ്മദ് ഷമീര്‍ മാലിപ്പുറം റിയാദിലുണ്ട്. ഷമീറിനൊപ്പം മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ ജിബിന്‍ സമദ്, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ രംഗത്തുണ്ട്.
സിയാദ് ഏഴുവര്‍ഷമായി സഊദി സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറാണ്. ഭാര്യയും മകളുമുണ്ട്.
എറണാകുളം പറവൂര്‍ മാഞ്ഞാലിയില്‍ കണിയാംപറമ്പില്‍ ബഷീറിന്റെ മകനാണ്. മാതാവ്: ഉമ്മു ഖുല്‍സു.ഏക സഹോദരി: സുമയ്യ.


