ന്യൂഡൽഹി: ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാൻ പാർട്ടി. ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ അതീവ സുരക്ഷയുള്ള ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയും. ഈ സഹാചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. (AAP Protest PM Residence:)
|
ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും രാവിലെ 10 മണിക്ക് രാജ്യതലസ്ഥാനത്തെ പട്ടേൽ ചൗക്ക് ഏരിയയിൽ ഒത്തുചേരും. പട്ടേൽ ചൗക്കിൽ നിന്ന് തുഗ്ലക്ക് റോഡ് വഴി അതീവ സുരക്ഷയുള്ള ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.
എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു.
പാർട്ടിക്ക് അത്തരത്തിലുള്ള ഒരു പ്രതിഷേധവും നടത്താൻ അനുമതി ഇല്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രധാന റൂട്ടുകളിലെ നിയന്ത്രണങ്ങളെയും വഴിതിരിച്ചുവിടലിനെയും കുറിച്ച് ഡൽഹി ട്രാഫിക് പോലീസ് ഒരു നിർദേശം പുറപ്പെടുവിച്ചു, തുഗ്ലക് റോഡ്, സഫ്ദർജംഗ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ എവിടെയും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്നും അറിയിച്ചു.





