14
Jan 2025
Sat
14 Jan 2025 Sat
Hameed Faizy Ambalakkadavu

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് കേക്ക് മുറിച്ചതിനെതിരേ വിമര്‍ശനവുമായി സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. (Abdul Hamid Faizi opposes Sadiqali Thangal cutting cake for Christmas celebration) ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ ഹമീദ് ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് വിരുദ്ധചേരിയുടെ നേതാവാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. നിരവധി മഹല്ലുകളുടെ ഖാദിയായ സാദിഖലി തങ്ങള്‍ ഇതര മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരുന്നതിനെതിരേ സമസ്ത നേതാക്കള്‍ക്കിടയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ALSO READ: കെസിബിസി പ്രസിഡന്റ് ക്ലീമിസ് ബാവാ പാണക്കാട്ട്; ലീഗ് നേതാക്കളുമായി നിര്‍ണായക കൂടിക്കാഴ്ച്ച

ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം.

മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.