കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടത്തിൻ്റെ 2023 വർഷത്തെ വിവിധ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആൻഡ്രൂസ് മീനടം സ്മാരക നോവൽ പുരസ്കാരത്തിന് ആബിദ് തറവട്ടത്ത് അർഹനായി. ഏറനാടൻ വാ മൊഴിയിൽ എഴുതിയ “ഓത്തുപള്ളി ” എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ പുസ്തകത്തിന് പേരക്ക നോവൽ പുരസ്കാരവും ലഭിച്ചിരുന്നു. പരസ്പരം വായനക്കൂട്ടത്തിൻ്റെ ഈ വർഷത്തെ ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ അവാർഡ് ലഭിച്ചതും ആബിദ് തറവട്ടത്തിനാണ്. ഗാസ പശ്ചാത്തലമാക്കി എഴുതിയ “അവസാനത്തെ അത്താഴം” എന്ന കഥക്കാണ് അവാർഡ്.
|
നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളിലൂടെ ഇന്ദിരാ ഗാന്ധി ദേശീയ അവാർഡ് അടക്കം സാമൂഹ്യ സേവന രംഗത്തും കാർഷിക രംഗത്തും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളം ബ്ലോഗിംഗ് ആരംഭിച്ച കാലം തൊട്ട് ബ്ലോഗിൽ സജീവമായ ആബിദിന് ബെസ്റ്റ് ബ്ലോഗർ അവാർഡ്, പാലക്കാട് നാട്ടുകൊട്ടക തിരക്കഥാ അവാർഡ്, കെ.എസ് വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. അരീക്കോട് സ്വദേശിയായ ആബിദ് ഇപ്പോൾ കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്ത് വരുന്നു.
ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്ന അവാർഡ്, 2024 ജനുവരി 13 ന് കോട്ടയത്ത് വച്ച് നടക്കുന്ന പരസ്പരം വായനക്കൂട്ടത്തിന്റെ ഇരുപതാമത് വാർഷിക സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അറിയിച്ചു.


