ലഖ്നൗ: ഉത്തർപ്രദേശിലെ സർവകലാശാലയിൽ വൈസ് ചാൻസലറെയും രജിസ്ട്രാറെയും വളഞ്ഞിട്ട് മർദിച്ച് എബിവിപി പ്രവർത്തകർ. സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്കും മർദനമേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടമായ ഗോരഖ്പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാലയിലാണ് സംഭവം.
|
സർവകലാശാലയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ ഏതാനും ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഒരാഴ്ച മുമ്പ് ഇവർ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ വൈസ് ചാൻസലറുടെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ യൂണിവേഴ്സിറ്റി ഗേറ്റിൽ സമരം ചെയ്യുന്ന എബിവിപി അംഗങ്ങളുമായി സർവകലാശാലയിലെ ഉദ്യോഗസ്ഥൻ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസ് തകർക്കുകയും വാതിൽ പൊളിക്കുകയും ചെയ്തു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച വൈസ് ചാൻസലറെയും രജിസ്ട്രാറെയും പ്രൊഫസർമാരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. വിവരമറിഞ്ഞ് വൻ പൊലീസ് സേനയും സംഭവ സ്ഥലത്തെത്തി. എന്നാൽ ഇതോടെ സംഘർഷം രൂക്ഷമായി.
പൊലീസിനെയും എബിവിപി പ്രവർത്തകർ മർദിച്ചു. ഇതോടെ വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. ചില എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികരിക്കാൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ വിസമ്മതിച്ചു. ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.





