പണമില്ലാത്ത അവസ്ഥ ജീവിതത്തെ ദുഷ്‌കരമാക്കുക മാത്രമല്ല, മറ്റൊരു വഴിയുമില്ല എന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ഇഖ്ബാല്‍ ഷെയ്ഖ് (16) എന്ന കൗമാരക്കാരന്‍ കഴിഞ്ഞ 5 വര്‍ഷമായി കഴിയുന്നത് കുളത്തിലാണ്. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ദിവസത്തിലെ ഭൂരിഭാഗം ചെലവഴിക്കുന്നതും വെള്ളത്തില്‍ തന്നെയാണ്. വെള്ളത്തിന് പുറത്തുവരുമ്പോള്‍ ശരീരത്തില്‍ കഠിനമായ വേദന ഉണ്ടാക്കുന്ന ചര്‍മ്മരോഗമാണ് കാരണം. ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ അല്‍പ്പം ആശ്വാസം തേടിയാണ് വെള്ളത്തില്‍ അഭയം തേടുന്നത്.
|
സംഭവം വാര്‍ത്തയായതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗ്ഗം മുംബൈയിലെത്തിച്ചു. മുംബൈയിലെ സര്‍ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ഇഖ്ബാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശ്രദ്ധ നേടി കുളത്തില്‍ കഴിയുന്ന വീഡിയോ
പകലും രാത്രിയും കുളത്തില്‍ തന്നെ കഴിയുന്ന ഇഖ്ബാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ അവസ്ഥ പുറ ലോകമറിയുന്നത്. വെള്ളത്തിന് പുറത്തിറങ്ങുമ്പോള്‍ ശരീരം ആകെ പുകയുന്ന അനുഭവമുണ്ടാകുമെന്നും, അതുകൊണ്ടാണ് കുളത്തില്‍ തന്നെ കഴിയുന്നതെന്നും ഇഖ്ബാല്‍ പറയുന്നു. വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീഡിയോ കണ്ട മെഡിക്കല്‍ വിദഗ്ധരാണ് വിഷയത്തില്‍ ഇടപെടുകയും മുംബൈയിലെ ചികിത്സയ്ക്ക് വഴിതുറക്കുകയും ചെയ്തത്.
സഹായം തേടി കുടുംബം
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കുടുംബം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. അതേസമയം, ദീര്‍ഘകാലം വെള്ളത്തില്‍ തന്നെ കഴിയുന്നത് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ഥിരമായി വെള്ളത്തില്‍ കഴിയുന്നതിനാല്‍ ചുമ, ജലദോഷം, ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ എന്നിവയും കാണപ്പെടുന്നുണ്ട്.
മുംബൈയില്‍ വിദഗ്ധ ചികിത്സ
തുടര്‍ന്നാണ് കുട്ടിയെ മുംബൈയിലേക്ക് കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സര്‍ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് വരികയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ചികിത്സ നിശ്ചയിക്കുക.
Tags: Anant Ambani, Murshidabad News, Iqbal Sheikh, Rare Disease, Sir HN Reliance Hospital, West Bengal Viral News, Reliance Foundation
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




