ചെന്നൈ: നിരവധി മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. (Actor Delhi Ganesh passed away) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.
|
1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരു ദശാബ്ദക്കാലം ഇന്ത്യന്‍ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനാണ് ഡല്‍ഹി ഗണേഷ്. അപൂര്‍വ സഹോദരങ്ങള്‍ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലും വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഗണേഷിന് 1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാള ചിത്രങ്ങള്‍.


