ബംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എല്‍1’ ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പിഎസ്എല്‍വി എക്‌സ്എല്‍ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. നാലു മാസംകൊണ്ട് ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള എല്‍1 (ലാഗോന്‍ഷ് പോയന്റ്1) ന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണശക്തി തുല്യമായി അനുഭവപ്പെടുന്ന ഭാഗമാണ് ലാഗോന്‍ഷ് പോയിന്റ്. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും. 15 ലക്ഷം കിലോമീറ്റര്‍ ആണ് ആദിത്യയുടെ ലക്ഷ്യമെങ്കിലും ഇത് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ നൂറിലൊന്നേ വരൂ.
|
സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ സാഹചര്യത്തില്‍ അകലെനിന്ന് അല്ലാതെ സൂര്യനെ നിരീക്ഷിക്കാനാകില്ല.
ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ ഒന്‍പതാം ദിവസമാണ് സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ പേടകം പുറപ്പെടുന്നത്. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ഇസ്‌റോ ലക്ഷ്യമിടുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും നിരീക്ഷിക്കും.
2018ല്‍ അമേരിക്കയുടെ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന പേടകമാണ് ഏറ്റവും അവസാനമായി സൗര ദൗത്യവുമായി ബഹിരാകാശത്ത് എത്തിയത്. ഐ.എസ്.ആര്‍.ഒ ലക്ഷ്യം കണ്ടാല്‍ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും (സംയുക്ത സംരംഭം) ജപ്പാനുമാണ് ഈ നേട്ടം കുറിച്ചത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 800കിലോമീറ്റര്‍ മുകളിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് ആദിത്യപേടകത്തെ വിക്ഷേപിക്കുന്നത്. അവിടെനിന്ന് ഭൂമിയെ പലവട്ടം ഭ്രമണം ചെയ്യും. പേടകത്തിലെ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം വിപുലമാക്കും. ചന്ദ്രയാന്‍ സഞ്ചരിച്ച അതേമാതൃകയില്‍ സഞ്ചാരപഥം ഉയര്‍ത്തും. ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്റില്‍ നിലയുറപ്പിക്കുന്നതിനാല്‍ ആദിത്യപേടകത്തിന് മറ്റ് ഉപഗ്രഹങ്ങളിലും ചാന്ദ്രപേടകത്തിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ താപകവചങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ പറഞ്ഞു. വിക്ഷേപണത്തിലെ സങ്കീര്‍ണ്ണതയാണ് ആദിത്യപേടകത്തെ വ്യത്യസ്തമാക്കുന്നത്.
വിശദാംശങ്ങള്‍ ഇവയാണ്:
സഞ്ചാരപാത: 15 ലക്ഷം കിലോ മീറ്റര്‍
ഭൂമിയല്‍നിന്ന് സൂര്യനിലേക്കുള്ള അകലം: 15 കോടി കിലോമീറ്റര്‍
സൂര്യനും പേടകവും തമ്മിലുള്ള ശരാശരി അകലം: 14.85 കോടി കിലോമീറ്റര്‍
ഭാരം: 1500 കിലോഗ്രാം
ആയുസ്: 5 വര്‍ഷവും രണ്ട് മാസവും
ചെലവ്: 378കോടിരൂപ.
പ്രത്യേകതകള്‍:
▶️ സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ്
▶️ഉപരിതലത്തിന് പുറത്തുള്ള മേഖലയില്‍ 5500 ഡിഗ്രി സെല്‍ഷ്യസ്
▶️ ഇത്രയും ചൂട് താങ്ങാന്‍ ഒരു പേടകത്തിനും കഴിയില്ല. അതുകൊണ്ടാണ് അകലം പാലിക്കുന്നത്.
▶️ ചന്ദ്രയാന്‍3 സഞ്ചരിച്ചതിന്റെ നാലിരട്ടി ഉയരത്തിലാണ് ആദിത്യ നിലയുറപ്പിക്കുക.
▶️ ചന്ദ്രനിലെത്താന്‍ സഞ്ചരിച്ചത് 3.84 ലക്ഷം കിലോമീറ്റര്‍ മാത്രം.
▶️ ചന്ദ്രയാന്‍ 40 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ ഇറങ്ങിയതെങ്കില്‍, ആദിത്യ 125 ദിവസം കൊണ്ടാണ് ലക്ഷ്യത്തിലെത്തുക
aditya l1 india’s first solar mission
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





