കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സഹോദരന്‍.(ADM Naveen Babu brother files complaint against PP Divya) ദിവ്യക്കെതിരേ സഹോദരന്‍ പ്രവീണ്‍ ബാബു പൊലീസില്‍ പരാതി നല്‍കി.
|
പിപി ദിവ്യ, നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു ചൂണ്ടിക്കാട്ടുന്നു.
അതിനിടെ നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30ഓടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ.
ALSO READ: ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ ബോംബിട്ട് 22 സാധാരണക്കാരെ കൊന്നു
അതിനാല്‍ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച ശേഷം നാളെ പത്തനംതിട്ട കളക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് വരുന്നുണ്ട്.
കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍
നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍. മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പി.പി ദിവ്യയുടെ വീട്ടിലേക് കോണ്‍ഗ്രസും ബിജെപിയും ഇന്ന് മാര്‍ച്ച് നടത്തും. കൂടുതല്‍ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.
റവന്യൂ ഉദ്യോഗസ്ഥര്‍ അവധിയെടുക്കും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.
സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരന്‍ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





