ബൈറൂട്ട്: ലബനാനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്‌റാഈല്‍ ബോംബിട്ട് 22 സാധാരണക്കാരെ കൊന്നു. വടക്കന്‍ ലബനാനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ സഗര്‍ത്തയില്‍പ്പെട്ട ഐതൂവിലാണ് ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ലയ്ക്ക് സ്വാധീനമില്ലാത്ത ലബനാനിലെ അപൂര്‍വപ്രദേശങ്ങളിലൊന്നാണിത്. ഇവിടത്തെ ജനവാസകേന്ദ്രങ്ങളെയാണ് മിസൈല്‍ ലക്ഷ്യംവച്ചത്. കൊല്ലപ്പെട്ട 22 പേരും സാധാരണക്കാരാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.
ആക്രമണത്തില്‍ നാലുനില ജനവാസ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ട 22 പേരില്‍ 12 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മലയോര മേഖലയായ ഐതൂവില്‍നിന്ന് കറുത്തപുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ലബനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നുകിടക്കുന്നതിന്റെയും വാഹനങ്ങള്‍ അഗ്നിക്കിരയായതിന്റെയും ദൃശ്യങ്ങളും വിഡിയോയിലുണ്ട്. സംഘര്‍ഷമേഖലയായ മറ്റ് പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറിത്താമസിച്ച സ്ഥലമാണ് ഐതൂവെന്ന് മേയര്‍ ജോസഫ് ട്രാഡ് പറഞ്ഞു. ദക്ഷിണ ലബനാനില്‍നിന്ന് വടക്കന്‍ മേഖലയിലേക്ക് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് നേരത്തെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിനാലാണ് ഇവിടേക്ക് കൂടുതല്‍ ആളുകള്‍ മാറിത്താമസിച്ചത്. ഇത്തരത്തില്‍ പലായനംചെയ്തവരും ഇസ്‌റാഈല്‍ ആക്രമണത്തിനിരയായി. സംഭവത്തില്‍ സയണിസ്റ്റ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
സംഭവത്തില്‍ എത്രയും പെട്ടെന്ന് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസ് വക്താവ് ജെറമി ലോറന്‍സ് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ കൂടുതല്‍ കൊല്ലപ്പെടുന്ന വാസ്തവം മുന്നിലുള്ളതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും ജെറമി ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണംമൂലം ലബനാനില്‍ നാലുലക്ഷം കുട്ടികള്‍ ഭവനരഹിതരായതായി യു.എന്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ ഇതുവരെ മൊത്തം 12 ലക്ഷം പേരാണ് പലായനംചെയ്തത്. ഇവരെല്ലാം വടക്കന്‍ ബെയ്‌റൂത്തില്‍നിന്നാണ് പലായനംചെയ്തതെന്ന് യുണിസെഫിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടെഡ് ചൈബാന്‍ പറഞ്ഞു. ഭവനരഹിതരായവര്‍ക്ക് താമസിക്കാനായി അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകള്‍ അദ്ദേഹംസന്ദര്‍ശിച്ചു.
അതേസമയം, ലബനാനില്‍ സമാധാനനീക്കങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്‌റാഈലില്‍നിന്നുള്ള ചില ഉറപ്പുകള്‍ ജോ ബൈഡന്‍ ഭരണകൂടം നല്‍കിയതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്നു- നജീബ് മീഖാതി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലബനാന്‍ സന്ദര്‍ശിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. ലബനാനിലെ സമാധാനദൗത്യസേനയില്‍ ഇറ്റലിയും അംഗമാണ്.
Israel bombed Christian area of Lebanon killing 22 civilians


