30
Jun 2023
Fri
30 Jun 2023 Fri

50 ദിവസമായിട്ടും ഇന്റര്‍നെറ്റില്ലാതെ മണിപ്പൂര്‍ ജനത; കലാപത്തിനും ശമനമില്ല, സര്‍വകക്ഷി യോഗം വിളിച്ച് അമിത്ഷാ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: സംസ്ഥാനത്ത് വംശീയ കലാപം തുടങ്ങിയതിനൊപ്പം വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സംവിധാനം ഇനിയും പുനഃസ്ഥാപിക്കപ്പെടാതെ മണിപ്പൂര്‍. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ് മൂന്നിനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ആദ്യം അഞ്ചുദിവസത്തേക്കായിരുന്നു വിലക്ക്. ആ മാസം ഏഴിന് പുനസ്ഥാപിക്കേണ്ടതായിരുന്നുവെങ്കിലും അക്രമം തുടര്‍ന്നതോടെ വിലക്ക് നീട്ടി. സംഘര്‍ഷത്തിന് അറുതിവരാതിരുന്നതോടെ ഇന്റര്‍നെറ്റ് വിലക്ക് ഓരോ നാലഞ്ചുദിവസം കൂടുന്തോറും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അവശ്യസേവനത്തിന്റെ പരിധിയില്‍വരുന്ന ഇന്റര്‍നെറ്റ് സംവിധാനം തുടര്‍ച്ചയായി വിലക്കുന്നത് സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.

അതേസമയം, മണിപ്പൂരില്‍ 50 ദിവസം കഴിഞ്ഞിട്ടും അയവില്ലാതെ അക്രമം. കഴിഞ്ഞദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. ചുരാചന്ദ്പൂരില്‍ സൈന്യത്തിന് നേരെ നടന്ന അക്രമത്തില്‍ ഒരു സൈനികന് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ 24 മണിക്കൂറിനിടെ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായി.

സംഘര്‍ഷം തുടങ്ങി ഇതാദ്യമായി മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. 24 ന് വൈകിട്ട് മൂന്നിനാണ് ഡല്‍ഹിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കെടുക്കാനുള്ള നോട്ടീസ് ആഭ്യന്തരമന്ത്രി അമിത്ഷാ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള വഴികളും ആലോചിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് അമിത്ഷാ യോഗം വിളിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.മൊരും പ്രതിപക്ഷനേതാക്കളും ദേശീയകക്ഷികളും സമയം ചോദിച്ചെങ്കിലും അതിന് അനുവദിക്കാതെയാണ് അദ്ദേഹംയു.എസ് സന്ദര്‍ശനത്തിന് പുറപ്പെട്ടത്. കലാപം തുടരുന്നതില്‍ മണിപ്പൂരിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എല്‍.എമാര്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു.