ചെന്നൈ: ആള്‍ ഇന്ത്യ അണ്ണാ ഡിഎംകെ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ സ്ഥാപക നേതാവ് എം ജി രാമചന്ദ്രന്‍ ആദ്യമായി വിജയിച്ച മണ്ഡലമാണ് ദിണ്ടിഗല്‍. 2024ലെ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ എസ്ഡിപിഐ സ്ഥാനാര്‍ഥി നെല്ലൈ മുബാറക് ഈ സീറ്റ് ഡിഎംകെയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് അണ്ണാ ഡിഎംകെ ട്രഷററും മുന്‍ മന്ത്രിയുമായ ദിണ്ടിഗല്‍ ശ്രീനിവാസന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( AIADMK’s first victory was from Dindigul Lok Sabha constituency and SDPI will wrest seat from the DMK )
|
കഴിഞ്ഞ അഞ്ചു വര്‍ഷം ഡിഎംകെ എംപി വേലുസ്വാമി മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മണ്ഡലം വികസിക്കണമെങ്കില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുബാറക് പാര്‍ലമെന്റില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തില്‍ അദ്ദേഹം ഡിഎംകെയെ കടന്നാക്രമിച്ചു. ഡിഎംകെ തമിഴ്‌നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇന്ത്യ മുന്നണി എന്നത് അവസരവാദികളുടെ കൂട്ടമാണ്. അതുകൊണ്ട് തമിഴ് മക്കള്‍ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കും. ബിജെപിയും തമിഴ്‌നാട്ടിനെ പൂര്‍ണമായും അവഗണിച്ചു. എയിംസിന്റെ കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഡിഎംകെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുഴുവന്‍ മറന്നതായി മുന്‍ മന്ത്രി നാഥം ആര്‍ വിശ്വാനാഥന്‍ യോഗത്തില്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെ സൗകര്യപൂര്‍വ്വം മറന്നു. പകരം ഭൂനികുതി, വൈദ്യുതി ബില്ല, പാല്‍ വില എന്നിവ വര്‍ധിക്കുകയാണ് ചെയ്തത്. ഇത് 2026ല്‍ ഡിഎംകെയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കും. ഇതിന് മുന്നോടിയായി മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥി മുബാറകിനെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും. മുബാറകിന്റെ വിജയത്തിനായി മുഴുവന്‍ ബൂത്ത് കമ്മിറ്റികളും സജീവമായിട്ടുണ്ട്. അടുത്ത രണ്ടാഴ്ച്ച കാഡര്‍മാര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തനിക്കറിയാമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി മുബാറക് പറഞ്ഞു. ഡിഎംകെ എംപി വേലുസ്വാമിക്ക് ആകെ പറയാനുള്ളത് തേജസ് എക്‌സ്പ്രസിന് ദിണ്ടിഗലില്‍ സ്റ്റോപ്പ് അനുവദിച്ചു എന്നത് മാത്രമാണ്. എന്നാല്‍, താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ മേഖലകളിലും ദിണ്ടിഗലിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നും തേജസ് പോലെ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നും മുബാറക് അവകാശപ്പെട്ടു.





