21
Feb 2023
Mon
21 Feb 2023 Mon

കൂട്ടുകാരന്‍ എയര്‍ഗണില്‍ നിന്ന് ഉതിര്‍ത്ത വെടി കൊണ്ടത് ഒമാനില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരന്റെ കഴുത്തില്‍. ശ്വാസനാളത്തിന്റെയും തൈറോയ്ഡ് ഗ്രന്ഥിയുടെയും തൊട്ടടുത്തായിട്ടാണ് എയര്‍ഗണില്‍ നിന്നുള്ള പെല്ലറ്റ് തുളച്ചുകയറിയിരുന്നത്. ഇതു നീക്കം ചെയ്യുന്നത് കുട്ടിയുടെ സംസാരശേഷിയെയും ജീവനെ തന്നെയും ബാധിക്കുമെന്നതിനാല്‍ ഒമാനിലെ ആശുപത്രികളിലൊന്നും ശസ്ത്രക്രിയയ്ക്കു തയ്യാറായില്ല. ഇതോടെ കടുത്ത വേദന സഹിച്ച് കുട്ടിയും കുടുംബവും കഴിഞ്ഞുകൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ഇക്കാലമത്രയും കുട്ടിയുടെ പിതാവ് യാഖൂബ് സുലൈമാന്‍ പെല്ലറ്റ് നീക്കംചെയ്യുന്നതിന് പറ്റിയ ആശുപത്രിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇതിനിടെ ഒമാനിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിയ യാഖൂബിനോട് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് പോവാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് കുട്ടിയും കുടുംബവും കൊച്ചിയിലെത്തി. പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ മുന്നിലാണ് കേസെത്തിയത്.

സിടി സ്‌കാനില്‍ പെല്ലറ്റ് കുട്ടിയുടെ ശ്വാസനാളത്തിന്റെയും തൈറോയ്ഡ് ഗ്രന്ഥിയുടെയും മില്ലിമീറ്ററുകള്‍ മാത്രം അകലെയാണ് തറച്ചിരിക്കുന്നതെന്നു വ്യക്തമായി. ഇവ നീക്കം ചെയ്യുമ്പോള്‍ ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും അത് ആന്തരിക രക്തസ്രാവത്തിനോ ശബ്ദശേഷിയെയും ജീവനെ തന്നെയോ ബാധിക്കുമെന്ന് ഉറപ്പായിരുന്നു. ഗുരുതരമായ അവസ്ഥയായതിനാല്‍ എത്രയും വേഗം ശസ്ത്രക്രിയ ചെയ്യാം എന്നാണ് ഡോക്ടര്‍ തീരുമാനമെടുത്തത്.

കാര്‍ഡിയാക് സര്‍ജന്‍ ഡോ. ആബിദ് ഇഖ്ബാല്‍, അനസ്‌തേറ്റിസ് ഡോ. സുരേഷ് നായര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി ഡോ. കോശി ഒരു ടീം രൂപീകരിക്കുകയും കുട്ടിയുടെ കഴുത്തില്‍ പെല്ലറ്റ് തറച്ചിരിക്കുന്നതിന്റെ ത്രിമാന ചിത്രം തയ്‌യാറാക്കുകയും ചെയ്തു. തുടര്‍ന്ന് വിജയകരമായി പെല്ലറ്റ് നീക്കം ചെയ്തു. അഞ്ചുദിവസം കൊണ്ട് കുട്ടി സുഖം പ്രാപിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. വൈകാതെ ഒമാനിലേക്കും പോകാമെന്ന് ഡോക്ടര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി സ്‌കൂളിലും പോയി തുടങ്ങും. മാസങ്ങള്‍ നീണ്ടുനിന്ന വേദനയ്ക്കും ആശങ്കകള്‍ക്കും ഡോ. കോശിയുടെ നേതൃത്വത്തില്‍ പരിഹാരമായതോടെ കുട്ടിക്കും വീട്ടുകാര്‍ക്കും സന്തോഷമായി.