ന്യൂഡല്‍ഹി: നീറ്റ് പ്രക്ഷോഭത്തിന്റെ പേരില്‍ വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടാനുള്ള ഡല്‍ഹി പോലീസ് ശ്രമം പൊളിഞ്ഞു. പഴയൊരു കേസ് കുത്തിപ്പൊക്കി എസ്എഫ്ഐ ഡല്‍ഹി സെക്രട്ടറിയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കമാണ് സിപിഎം നേതാക്കള്‍ ഇടപെട്ട് തടഞ്ഞത്.
|
സിപിഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയാണ് പോലീസ് സംഘം ഐഷിയെ പിടികൂടാന്‍ ശ്രമിച്ചത്. 2021-ലെ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട്് ഐഷിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
എന്നാല്‍, കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ ഐഷി സജീവമായി പങ്കെടുത്തിരുന്നു. 35 ദിവസത്തോളം നീണ്ടുനിന്ന സമരത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ഐഷി ഘോഷ് നിരാഹാര സമരത്തിലും പങ്കെടുത്തിരുന്നു.
അതിലുള്ള പ്രതികാര നടപടിയായാണ് ഐഷിക്കെതിരെ പോലീസ് ഇപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്.
പോലീസ് നീക്കത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള സിപിഎം നേതാക്കളും എസ്എഫ്ഐ നേതാക്കളും സ്ഥലത്തെത്തുകയും പോലീസിനെ പ്രതിരോധിക്കുകയും ചെയ്തു.
‘എവിടെ യൂണിഫോം?’ വൈറലായി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം

എകെജി ഭവനിലെത്തി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ സാധാരണ വസ്ത്രം ധരിച്ചാണ് എത്തിയത്. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ എത്തിയവര്‍ യൂണിഫോം ധരിച്ചിട്ടില്ലെന്ന് കണ്ടതോടെ ജോണ്‍ ബ്രിട്ടാസ് ശക്തമായി പ്രതികരിക്കുകയായിരുന്നു.
‘നിങ്ങള്‍ പൊലീസാണോ? എവിടെ നിങ്ങളുടെ യൂണിഫോം? പോയി യൂണിഫോം ധരിച്ചു വരൂ’ എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് കര്‍ശനമായി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനെത്തിയവരുടെ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന നെയിംപ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല എന്ന കാര്യവും അദ്ദേഹം എടുത്തുകാട്ടി.
ഉദ്യോഗസ്ഥരോട് യൂണിഫോം ധരിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കോടതിയില്‍ നിന്ന് മടങ്ങും വഴി ‘മഴയായതുകൊണ്ടാണ് യൂണിഫോം ഇടാത്തത്’ എന്ന വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. പൊലീസിന്റെ ഈ വിചിത്രമായ ന്യായീകരണം അടങ്ങിയ വീഡിയോ രംഗങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ യൂണിഫോം ഇട്ട് വരാന്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടതോടെ പോലീസ് മടങ്ങുകയായിരുന്നു.
എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ യൂണിഫോം ഇട്ട് വരാന്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടതോടെ പോലീസ് മടങ്ങുകയായിരുന്നു.
ഐഷിയെ ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയെങ്കിലും ആദ്യം അത് അംഗീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് നടപടിയെന്ന് പോലീസ് അറിയിച്ചെങ്കിലും, നിലവില്‍ കോടതിയില്‍ ഹാജരാകാത്തതുമായി ബന്ധപ്പെട്ട നോട്ടീസ് വല്ലതും ഉണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
പിന്നാലെ നേതാക്കളും പോലീസും തമ്മില്‍ വലിയ രീതിയിലുള്ള വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. സിപിഎം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സാധിക്കാതെ പോലീസ് സംഘത്തിന് മടങ്ങേണ്ടി വന്നു. പഴയ കേസില്‍ പെട്ടെന്ന് ഇത്തരമൊരു നീക്കം നടത്താനുള്ള സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
സാധാരണ നിലയില്‍ കോടതിയുടെ പരിഗണനയിലുള്ള പഴയ കേസുകളില്‍ പോലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി അസ്വാഭാവികമാണെന്നും ഇതില്‍ നിയമപരമായ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.
2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞാണ് അവര്‍ വന്നത്. എന്നാല്‍ അവരുടെ കൈവശം അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. എകെജി ഭവനില്‍ എത്തിയ സിപിഐഎം, സിപിഐ നേതാക്കളോടായിരുന്നു ഐഷി ഘോഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന അവസ്ഥയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. തെമ്മാടിത്തരമാണ് കാണിച്ചത്. പൊലീസ് രാജിനെതിരെ പ്രതിഷേധിക്കുമെന്നും എം എ ബേബി പറഞ്ഞു. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാമെന്ന് മോദി കരുതരുത്. ക്രിമിനല്‍ കുറ്റമാണ് പൊലീസ് കാണിച്ചത്. ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും എം എ ബേബി പറഞ്ഞു.
ഐഷിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി

ഐഷിയെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടത്തിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ആവശ്യമെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകര്‍ ഇന്ന് കോടതിയെ സമീപിക്കും. വിയോജിപ്പുകള്‍ക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് ഇൗ നീക്കങ്ങളിലൂടെ വ്യക്തമാവുന്നതെന്നും വേട്ടയാടലുകള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും എസ്എഫ്‌ഐ പറഞ്ഞു.
പൊലീസിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്നും കാര്യങ്ങള്‍ പരിശോധിച്ച് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി.
Tags:
Aishe Ghosh, John Brittas, Delhi Police, SFI, CPIM, AKG Bhawan, MA Baby, NEET Protest, JNU, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




