റായ്പൂർ: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി, ഹിന്ദുരാഷ്ട്രത്തിനായി എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി ഛത്തീസ്ഗഢിലെ പാർട്ടിയുടെ എംഎൽഎ രംഗത്ത്. ധർശിവയിൽനിന്നുള്ള എംഎൽഎയായ അനിത ശർമയാണ് വിവാദ പരാമവർശവുമായി രംഗത്ത് വന്നത്. ‘നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാൻ പ്രതിജ്ഞ ചെയ്യണം. നമ്മൾ എല്ലാവരും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കൾ എല്ലാവരും ഒരുമിച്ച് വന്നാൽ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ’- അനിത ശർമ പറഞ്ഞു.
|
പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് റായ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം. അനിത ശർമയുടെ പ്രസംഗം വലിയ വിവദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതോടെ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു.
പ്രസ്താവനയെ തള്ളിയ കോൺഗ്രസ് നേതൃത്വം, പ്രസ്താവന അവരുടെ വ്യക്തിപരമായ നിരീക്ഷണമാണെന്നും അത്തരം അഭിപ്രായങ്ങളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. ‘കോൺഗ്രസ് പാർട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേർന്ന് നിർമിച്ച ഭരണഘടനയിൽ പരാമർശിക്കുന്ന മതേതരത്വത്തിനൊപ്പമാണ് കോൺഗ്രസ്’- പാർട്ടി വക്താവ് സുശിൽ ആനന്ദ് ശുക്ല വ്യക്തമാക്കി. ഓരോരുത്തർക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാം, വ്യത്യസ്താശയങ്ങളെ പാർട്ടി ഉൾക്കൊള്ളുന്നു. എന്നാൽ അത് പാർട്ടിയുടെ നിലപാട് അല്ല. അത്തരം നിലപാടുകളെ കോൺഗ്രസ് പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രസ്താവന തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്നാണാണ് പിന്നീട് എം.എൽഎ ഇതേ കുറിച്ച് വിശദീകരിച്ചത്.





