30
Jul 2023
Thu
30 Jul 2023 Thu

ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ അലഹബാദ് ഹൈക്കോടതി ആഗസ്റ്റ് മൂന്നിന് വിധി പറയും. സർവേയ്ക്ക് ഏർപ്പെടുത്തിയ സ്റ്റേ അതുവരെ തുടരും. ചീഫ് ജസ്റ്റിസ് പ്രീതിങ്കെർ ദിവാകറാണ് ഹരജിയിൽ വാദം കേട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപനയെ ഇല്ലാതാക്കുമെന്ന് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ എന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. ഹരജിയില്‍ ഇന്നലെ ഹൈക്കോടതി പ്രാഥമിക വാദം കേട്ടിരുന്നു.

സർവേ സംബന്ധിച്ച് സംശയങ്ങളും അതൃപ്തിയും ഇന്നലെ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചിരുന്നു. സർവേ നടത്തുന്ന മാർ​ഗം കൃത്യമായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങളുണ്ടെന്നും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു.

അതേസമയം, സർവേ നടത്താനായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ ഗ്യാൻവാപി മസ്ജിദിൽ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകൾ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിക്ക് കൈമാറി. ഈ ഉപകരണങ്ങൾ പള്ളിയില്‍ കുഴിക്കാനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ വാദിച്ചു. ഗ്യാൻവാപി മസ്ജിദിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാൽ സർവേയുടെ ഭാഗമായി കുഴിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടത്. സർവേയുടെ റിപ്പോർട്ട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദേശിച്ചു. ജില്ലാ കോടതിയുടെ നിർദേശത്തിന് പിന്നാലെ പള്ളിയിൽ എഎസ്ഐ ഉദ്യോഗസ്ഥർ ശാസ്ത്രീയ സർവേ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് വിധിക്കെതിരെ പള്ളിക്കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്.

പള്ളിക്ക് അകം കുഴിച്ച് പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കമ്മിറ്റിയുടെ അഭിഭാഷകൻ സുപ്രിംകോടതിയിൽ പറഞ്ഞു. തുടർന്ന് സർവേ ജൂലൈ 26ന് വൈകിട്ട് അഞ്ച് വരെ താൽകാലികമായി സ്റ്റേ ചെയ്ത സുപ്രിംകോടതി, ഹരജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു.