01
May 2023
Mon
01 May 2023 Mon

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടത് പൊലീസുകാരടക്കം എണ്ണം 50 ഓളം പേർ. കൊല്ലപ്പെട്ടവരിൽ 40 ഓളം പേർ കുക്കി വിഭാഗത്തിൽപ്പെട്ട സായുധസേനാംഗങ്ങളാണെന്നാണ് പൊലിസ് പറയുന്നത്. ഇവരെ സുരക്ഷാ സേന വെടിവച്ചുകൊല്ലുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാൽ വ്യാജ ഏറ്റുമുട്ടലിലൂടെയാണു കൊലപാതകമെന്നു കുക്കി ഗോത്രസംഘടനകൾ ആരോപിച്ചു. ഗ്രാമങ്ങൾക്കു കാവൽനിന്നവരെ അർധരാത്രിക്കുശേഷം മണിപ്പുർ കമാൻഡോകൾ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയുണ്ട്. ചില ഗോത്രവർഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തൽ. അക്രമം കൂടുതൽ രൂക്ഷമാകാതിരിക്കാൻ പല മേഖലകളിലും കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിരവധി പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. സർക്കാർ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ നീട്ടിയതിന് പിന്നാലെയാണ് എൻ ബിരേൻ സിംഗിന്റെ പ്രസ്താവന. മെയ് 3 ന് ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വ്യാപകമായ അക്രമമാണ് പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

മണിപ്പുരിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേൻസിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. കഴിഞ്ഞ വ്യാഴാഴ്ച, സമാധാനം നിലനിർത്താൻ മണിപ്പുരിലെ ജനങ്ങളോട് അഭ്യർഥിച്ച അമിത് ഷാ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാന നില വിലയിരുത്തിയിരുന്നു.