16
Mar 2023
Thu
16 Mar 2023 Thu

ചണ്ഡീഗഡ്: പോലീസ് അന്വേഷണം ആറാം ദിവസത്തിലേക്ക് കടന്നിട്ടും തീവ്ര സിഖ് മത പ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കാണാമറയത്തുതന്നെ. അദ്ദേഹത്തെ കുറിച്ചുള്ള സൂചനകൾക്കായി പൊലിസ് ഭാര്യയെയും അമ്മയെയും ചോദ്യംചെയ്തു. വനിത ഡിഎസ്പി ഉൾപ്പെട്ട പ്രത്യേക സംഘമാണ് അമൃത്പാലിന്റെ പത്‌നിയേയും അമ്മയേയും അവരുടെ വസതിയിലെത്തി ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ചോദ്യം ചെയ്യൽ. സംഘടനയ്ക്ക് ലഭിച്ച പണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ പ്രവാസിയായിരുന്ന കിരൺദീപിന്റെ പേരും സംഘടനയുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന് കേട്ടിരുന്നു. ഫെബ്രുവരിയിലാണ് യുകെയിലുള്ള കിരൺദീപുമായി അമൃത്പാൽ വിവാഹം കഴിക്കുന്നത്.

കിരൺദീപിന്റെ ഗ്രാമമായ കുല്ലാറിലേക്ക് പോയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കിരൺദീപിന്റെ കുടുംബം യുകെയിലേക്ക് ഏറെ നാൾ മുൻപ് കുടിയേറിയെന്നും വിരളമായി മാത്രമാണ് നാട്ടിലേക്ക് വരാറെന്നും അയൽവാസികൾ പറഞ്ഞു. അമൃത്പാലും കിരൺദീപും വിവാഹശേഷം പോലും കുടുംബവീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് അയൽവാസികൾ പറയുന്നത്.

ജലന്ധറിലെ നംഗൽ അംബിയാൻ ഗ്രാമത്തിൽ വച്ചാണ് അമൃത്പാൽ വേഷം മാറിയതായി റിപ്പോർട്ട് പുറത്തു വന്നത്. അദ്ദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഗ്രാമത്തിലുണ്ടായിരുന്നെന്നാണ് ഗ്രാമവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.വേഷം മാറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട നംഗൽ അംബിയാൻ ഗ്രാമത്തിലെ പുരോഹിതൻ രഞ്ജിത് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ജില്ലയിലെ ഷാഹ്കോട്ട് പോലീസ് സ്റ്റേഷൻ ബുധനാഴ്ച അമൃത്പാലിനെതിരെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമൃത്പാൽ രക്ഷപ്പെടാൻ ഉപയോഗിച്ചെന്ന് കരുത്തപ്പെടുന്ന ബൈക്ക് കണ്ടെത്തി. ബൈക്ക് ദാരാപൂർ ഗ്രാമത്തിൽ ഉപേക്ഷിച്ച് അമൃത്പാൽ ഫില്ലൗറിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ജലന്ധർ എസ്എസ്പി സ്വർണദീപ് സിങ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക