|
ദുബായ്: ഗൾഫ് രാഷ്ട്രങ്ങളിൽ ടെക്ക് ഭീമൻ ആപ്പിളിന് വൻ പദ്ധതികൾ. സൗദി അറേബ്യയിലെ റീട്ടെയിൽ പ്രവർത്തനങ്ങൾ ഗണ്യമായി വികസിപ്പിച്ചതിനെത്തുടർന്ന്, രാജ്യത്ത് റീട്ടെയിൽ ജോലികൾക്കായി കമ്പനി നിയമനങ്ങൾ ആരംഭിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിലെ പുതിയ ജോബ് പോസ്റ്റിംഗുകൾ പ്രകാരം യുഎഇയിലും തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ട്. സൗദി അറേബ്യയിലും യുഎഇയിലും ആപ്പിളിന്റെ നിലവിലെ നിയമനം വൻ തൊഴിൽ അവസരങ്ങൾ ആണ് തുറന്നിരിക്കുന്നത്.
സൗദി അറേബ്യയിൽ, മാനേജ്‌മെന്റ്, സാങ്കേതിക വൈദഗ്ദ്ധ്യം, സെയിൽസ്, എക്സിക്കൂട്ടീവ്, മാർക്കറ്റിംഗ്, നിയമപരമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന തസ്തികകളിലേക്ക് ആപ്പിൾ നിയമനം നടത്തുന്നത്.
ബിസിനസ്സ്, എക്സിക്കൂട്ടിവ്, സ്പെഷ്യലിസ്റ്റ് റോളുകൾ, സാങ്കേതിക പിന്തുണ, ദുബായ് മാളിലെ സ്റ്റോർ മാനേജ്‌മെന്റ്, മിഡിൽ ഈസ്റ്റിലെ അവരുടെ ഓൺലൈൻ ബിസിനസിനുള്ള നേതൃത്വം എന്നിവയിലെ സ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ ഒഴിവുകൾ ആണ് യുഎഇയിൽ ഉളളത്.
2025 മധ്യത്തിൽ സൗദി അറേബ്യയിൽ ഓൺലൈൻ സ്റ്റോർ ആരംഭിക്കുമെന്ന് നേരത്തേ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു.
സൗദിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തുടനീളമുള്ള കമ്പനികളുമായി ആപ്പിൾ 10 ബില്യൺ റിയാലിലധികം ചെലവഴിച്ചു. നിലവിലെ യുഎസ് ഭരണകൂടം ആരംഭിച്ച അഭൂതപൂർവമായ താരിഫുകൾ, വിദേശ ഉൽപ്പാദനത്തെ പ്രധാനമായും ആശ്രയിക്കുന്ന ആപ്പിൾ പോലുള്ള കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്. വെഡ്ബുഷ് സെക്യൂരിറ്റീസിലെ ഡാൻ ഐവ്‌സിന്റെ അഭിപ്രായത്തിൽ, ചിപ്പ് ഫാബ്രിക്കേഷൻ പ്ലാന്റുകൾ ഉൾപ്പെടെ നിലവിലുള്ള ഏഷ്യൻ വിതരണ ശൃംഖലയുടെ പകർപ്പെടുക്കലിന്റെ സങ്കീർണ്ണത കാരണം, യുഎസിൽ ഐഫോണുകൾ നിർമ്മിക്കുന്നത് അവയുടെ വില മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ച് ഏകദേശം 3,500 ഡോളർ വരെ ആകാൻ സാദ്ധ്യത ഉണ്ട്. അത്തരമൊരു നീക്കം ആപ്പിളിന് ഏകദേശം 30 ബില്യൺ ഡോളർ അധികം ചിലവാകുമെന്നും അവരുടെ ഉൽപ്പാദനത്തിന്റെ 10 ശതമാനം മാത്രം യുഎസിലേക്ക് മാറ്റാൻ മൂന്ന് വർഷമെടുക്കുമെന്നും ഐവ്‌സ് കണക്കാക്കുന്നു. ഈ വ്യാപാര യുദ്ധത്തിൽ കുടുങ്ങിയ ആപ്പിളും മറ്റ് അമേരിക്കൻ സ്ഥാപനങ്ങളും താരിഫ് യുദ്ധത്തിൻ്റെ കെടുതികൾ അനുഭവിക്കുന്നു.
Apple hiring now: Multiple job openings in UAE and Saudi Arabia


