13
Nov 2024
Fri
13 Nov 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും സൈറാ ബാനുവും വിവാഹമോചിതരാകുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തൊട്ടുപിന്നാലെ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിക്കുക ഉണ്ടായി. ഇതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു. എന്നാല്‍ മോഹിനിയും റഹ്‌മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്തു. റഹ്മാൻ എനിക്ക് അച്ഛനെ പോലെ ആണു എന്നാണ് മോഹിനി പറഞത്. അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ റഹ്‌മാന്‍ നിയമനടപടിയും സ്വീകരിച്ചു. ഇതിനിടെ വിഷയത്തിൽ ഇതാദ്യമായി പ്രതികരിക്കുക ആണ് റഹ്മാൻ.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ആശ്വാസമേകാൻ സംഗീതത്തിനാകുമെന്ന് റഹ്മാൻ പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ചോദനകൾക്കപ്പുറം പലതും ജീവിതത്തിലുണ്ടെന്നും ഗോവയിൽ 55-ാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിൽ(ഐഎഫ്എഫ്‌ഐ) സംസാരിക്കവെ റഹ്മാൻ പറഞ്ഞു.

റഹ്മാൻ്റെ വാക്കുകൾ: “..നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നാം ഓരോരുത്തരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് നമുക്കു തരുന്ന ആശ്വാസം. അക്രമവും സെക്‌സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്. യുവാവായിരിക്കെ തനിക്കും ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. നമ്മൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ഇത്തരത്തിലുള്ള ചിന്തകളൊന്നും വരില്ലെന്നാണ് അന്ന് എൻ്റെ അമ്മ എന്നോട് പറഞ്ഞത്. എന്റെ അമ്മയിൽനിന്നു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നായിരുന്നു അത്. നമ്മൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതോടൊപ്പം സ്വാർഥരുമല്ലെങ്കിൽ ജീവിതത്തിന് അർഥമുണ്ടാകും. ഇനി ഭാവിയിൽ എന്തെല്ലാം സംഭവിക്കുമെന്നതിനെ കുറിച്ചു പരിമിതമായ അറിവേ നമുക്കുള്ളൂ. ഒരുപക്ഷേ, അസാധാരണമായ എന്തെങ്കിലും നമ്മെ കാത്തിരിപ്പുണ്ടാകും..”- എ.ആർ റഹ്മാൻ പറഞ്ഞു.

ദിവസങ്ങൾക്കുമുൻപ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാർത്താകുറിപ്പ് പുറത്തിറക്കിയത്. വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ.ആർ റഹ്മാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പിൽ അറിയിച്ചത്. ദാമ്പത്യം 30 വർഷം പിന്നിടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാൽ മറ്റൊരു തലത്തിലേക്കാണു കാര്യങ്ങൾ പോയതെന്നും അദ്ദേഹം പറഞ്ഞു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറക്കുന്നുണ്ടാകുമെന്നും റഹ്മാൻ കുറിച്ചിരുന്നു.

AR Rahman first appearance since divorce announcement