30
May 2023
Fri
30 May 2023 Fri

ഡല്‍ഹി: കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ അർണബ് ഗോസ്വാമി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇയാൾ നിരുപാധികം മാപ്പ് പറഞ്ഞത്. എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിഇആർഐ) മുൻ മേധാവി ആർ കെ പച്ചൗരി നൽകിയ ഹരജിയിലാണ് അര്‍ണബിന്റെ മാപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 ഫെബ്രുവരിയിലാണ് പച്ചൗരി അർണബിനെതിരെ ഹരജി നല്‍കിയത്. അന്ന് അര്‍ണബ് ടൈംസ് നൗവിലായിരുന്നു. പച്ചൗരിക്കെതിരായ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് അർണബ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് പച്ചൗരി കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

തന്നെ മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്നും റിപ്പോർട്ടുകൾ അപകീർത്തികരമാണെന്നും പച്ചൗരി ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ 2020ല്‍ അദ്ദേഹം അന്തരിച്ചു. മാപ്പ് പറയുന്നതായും തനിക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ അഭ്യർഥിക്കുന്നതായും അര്‍ണബ് ഗോസ്വാമി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

“ബഹുമാനപ്പെട്ട കോടതിയോട് ഞാൻ മാപ്പ് ചോദിക്കുന്നു. മാപ്പപേക്ഷ സ്വീകരിച്ച് എനിക്കെതിരായ നടപടികൾ ഉടനടി അവസാനിപ്പിക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഈ കോടതിയുടെ ഉത്തരവുകൾ മനഃപൂർവം അനുസരിക്കാത്ത പ്രവൃത്തി ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല​”- സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.