ലഖ്‌നൗ: ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ ആസാദിനെയും സുഹൃത്തിനെയും പോലീസ് വെടിവച്ചുകൊന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതിയാണ് ആസാദ്. കൂട്ടുപ്രതി ഗുലാമും കൊല്ലപ്പെട്ടു. രണ്ടുപേരെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റമുട്ടലിലാണ് ഇവർ മരിച്ചതെന്ന് സ്‌പെഷൽ അഡീഷനൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
|
ഝാൻസിയിൽവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട പ്രതികളിൽനിന്ന് വിദേശനിർമിതമായ അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ പ്രതികളായ ആസാദും ഗുലാമും ഒളിവിലായിരുന്നു. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ ഭാര്യ ജയ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആതിഖ്, സഹോദരൻ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു.





