21
Feb 2023
Sat
21 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഐ.ടി.കെ മോഹൻ ബഗാനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. കാൾ മക്ഹ്യൂവിൻറെ ഇരട്ട ഗോളുകളാണ് (23, 71 മിനിറ്റുകളിൽ) നിർണായക മത്സരക്കിൽ മോഹൻ ബഗാന് ജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമൻറകോസ് (16ാം മിനിറ്റിൽ) ആണ് ആശ്വാസഗോൾ നേടിയത്. 64ാം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് വാങ്ങി മലയാളി താരം കെ.പി. രാഹുലിന് പുറത്തുപോകേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

ഇതോടെ പോയൻറ് പട്ടികയിൽ മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. മത്സരത്തിൻറെ 16ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമൻറകോസിലൂടെ മഞ്ഞപ്പടയാണ് ആദ്യം ലീഡെടുത്തത്. അപോസ്‌തോലസ് ജിയാനു നൽകിയ പന്ത് താരം ഒന്നാംതരം ഷോട്ടിലൂടെ വലയിലാക്കി. 23ാം മിനിറ്റിൽ കാൾ മക്ഹ്യൂവിലൂടെ എ.ടി.കെ ഒപ്പമെത്തി. ആസ്‌ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസിൻറെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്.

രണ്ടാം പകുതിയുടെ 71ാം മിനിറ്റിൽ കാർ മക്ഹ്യൂ ടീമിനായി വിജയ ഗോൾ നേടി. മൻവീർ സിങ്ങാണ് ഗോളിന് വഴിയൊരുക്കിയത്. നേരത്തെ തന്നെ പ്ലേഓഫ് ബർത്തുറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ്, മൂന്നാം സ്ഥാനത്ത് തുടരാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി.

മൂന്നാം സ്ഥാനത്തോ, നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താൽ ഹോംഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കാൻ അവസരം ലഭിക്കും. ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുണ്ട്. ഈമാസം 26ന് കൊച്ചിയിൽ ഹൈദരാബാദിനെതിരെയാണ് അവസാന മത്സരം.

പരിക്കേറ്റ മലയാളി താരം സഹൽ അബ്ദുസ്സമദും സസ്‌പെൻഷനിലുള്ള പ്ലേ മേക്കർ അഡ്രിയാൻ ലൂണയും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങിയത്.