പൂനെ: ഇന്ത്യൻ മിസൈൽ സംവിധാനത്തെക്കുറിച്ചും നിരവധി പ്രതിരോധ പദ്ധതികളെക്കുറിച്ചും ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുറുൽകർ പാക് ചാരസംഘടനയ്ക്ക് കൈമാറിയതായി കുറ്റപത്രം. സാറാ ദാസ്ഗുപ്ത എന്ന പേരിലായിരുന്നു പാക് ചാരസംഘടന പ്രദീപ് കുറുൽകറിനെ കെണിയിൽവീഴ്ത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതിരോധ ഗവേഷണ, വികസന സംഘടന(ഡിആർഡിഒ)യുടെ പൂനെയിലെ ഒരു ലാബിന്റെ ഡയറക്ടറായിരുന്ന പ്രദീപ് കുറുൽകറിനെതിരേ മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മെയ് മൂന്നിനാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം പ്രദീപ് കുറുൽകറിനെ അറസ്റ്റ് ചെയ്തത്.
|
സാറാ ദാസ്ഗുപ്തയുമായി പ്രദീപ് കുറുൽകർ വാട്സ്ആപ്പിലൂടെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്. വീഡിയോ, ഓഡിയോ കോളുകളും ഇരുവരും ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബ്രിട്ടനിൽ സോഫ്റ്റ് വെയർ എൻജിനീയറാണെന്ന് പറഞ്ഞാണ് സാറാ ദാസ് ഗുപ്ത എന്ന പാക് ഏജന്റ് പ്രദീപിനെ കെണിയിൽ വീഴ്ത്തിയത്. അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇവർ പ്രദീപിന് അയച്ചുനൽകി.
അന്വേഷണത്തിൽ സാറാ ദാസ് ഗുപ്തയുടെ ഐപി അഡ്രസ് പാകിസ്താൻ ആണെന്ന് തങ്ങൾക്കു ബോധ്യപ്പെട്ടതായും കുറ്റപത്രത്തിൽ എടിഎസ് പറയുന്നു.2022 ജൂൺ മുതൽ ഡിസംബർ മാസം വരെയാണ് പ്രദീപ് ഇവരുമായി സംസാരിച്ചത്. സംശയകരമായ പ്രദീപിന്റെ പ്രവൃത്തികൾക്കെതിരേ ഡിആർഡിഒ ആഭ്യന്തര അന്വേഷണം ആരംഭിച്ചതോടെ ഇയാൾ സാറയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതിനു പിന്നാലെ മറ്റൊരു നമ്പരിൽ എന്തിനാണ് തന്റെ നമ്പർ ബ്ലോക്ക് ചെയ്തതെന്നു ചോദിച്ച് പ്രദീപിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശമെത്തിയതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





