രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ UPയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി, സംസ്ഥാനത്ത് അന്ന് ‘Dry Day’
|
ലഖ്‌നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ അന്നേ ദിവസം അടച്ചിടണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂര്‍ത്തം വന്നെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതല്‍ ശുചീകരണ കാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷാ ദിനത്തിലെ ചടങ്ങുകള്‍ക്കായി വന്‍ ഒരുക്കങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചടങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയില്‍ എത്തിയിരുന്നു. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ ഏഴായിരത്തിലേറെ പേര്‍ എത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.





