16
Apr 2024
Thu
16 Apr 2024 Thu

പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി, അക്വേറിയം, പിതാവിനും പുത്രനും, സമവാക്യം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ്. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം കഌസില്‍ പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്.

സിനിമയോട് കുട്ടിക്കാലത്തൂതന്നെ താത്പര്യമുണ്ടായിരുന്ന ബല്‍റാം ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച് പ്രേമ സന്യാസി എന്നൊരു നോവല്‍ എഴുതുകയും അത് തിരക്കഥ രൂപത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് സംവിധായകന്‍ ജയരാജിനെ കണ്ടു മുട്ടിയ ബല്‍റാം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കളിയാട്ടം ഒരുക്കുകയായിരുന്നു. വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് കളിയാട്ടത്തിന്റെ സ്വതന്ത്ര തിരക്കഥ ബല്‍റാം ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ തന്നെ ഹാംലറ്റ് അടിസ്ഥാനമാക്കി വി.കെ പ്രകാശിന് വേണ്ടി കര്‍മ്മയോഗി എന്ന സിനിമയും ബല്‍റാം എഴുതിയിരുന്നു.

ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്‍മ്മയോഗി. തുടര്‍ന്ന് 2021 ല്‍ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി.

1983ല്‍ മുയല്‍ഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടി. പൂജാരി, കാട്ടിലോട്, നാട്ടിലോട്, പാവപ്പെട്ട കഥ, ബാലന്‍, അനന്തം എന്നിവയാണ് മറ്റുപ്രധാന സാഹിത്യകൃതികള്‍.

1962 ല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ സി എം ജാനകിയമ്മയുടെയും സി എച്ച് പത്മനാഭന്‍ നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി എം ബല്‍റാം എന്ന ബല്‍റാം മട്ടന്നൂര്‍ ജനിക്കുന്നത്. 28 വയസ്സുവരെ തലശ്ശേരിയിലെ മനേക്കരയില്‍ ജീവിച്ച ബല്‍റാമിന്റെ കുടുംബം 1990ല്‍ മട്ടന്നൂരിലേക്ക് താമസം മാറുകയായിരുന്നു. കെ എന്‍ സൗമിനിയാണ് ബല്‍റാം മട്ടന്നൂരിന്റെ ഭാര്യ, മകള്‍ ഗായത്രി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ വെച്ച് നടക്കും.