|
ബംഗളൂരു: കര്‍ണാടകയിലെ അങ്കോലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളി ലോറി ഡ്രൈവറും. കോഴിക്കോട് സ്വദേശി അര്‍ജുനെ ആണ് കാണാതായത്. നാലുദിവസമായി ലോറിസഹിതം അര്‍ജുന്‍ മണ്ണിനടിയിലാണ്. കര്‍ണാടകയില്‍ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി. അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും
ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുന്റെ ഫോണ്‍ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ‘റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓണ്‍ ചെയ്ത് ഫുള്‍ കവര്‍ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ അര്‍ജുനെ ജീവനോടെ രക്ഷിക്കാന്‍ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോണ്‍ സ്വിച്ച് ഓണ്‍ ആകുന്നതിലും പ്രതീക്ഷയുണ്ട്’- ലോറി ഉടമ പറഞ്ഞു.
രനിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. കാസര്‍കോട് കലക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.





