06
Oct 2026
Tue
06 Oct 2026 Tue
Bengaluru Prison DIG Somashekar Arrested

ബംഗളൂരു: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരനെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ കര്‍ണാടക ജയില്‍-ശിക്ഷാരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മുന്‍ ബംഗളൂരു സെന്‍ട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ടും നിലവില്‍ ജയില്‍ വകുപ്പ് ഡി.ഐ.ജിയുമായ എം. സോമശേഖറാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ: കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖറിനെ പരപ്പന അഗ്രഹാര പോലീസ് കസ്റ്റഡിയിലെടുത്തു.
  • ഗുരുതര ആരോപണം: ജീവപര്യന്തം തടവുകാരനായ ശങ്കർ എന്നയാളുടെ മോചനം സാധ്യമാക്കാമെന്ന് ഉറപ്പുനൽകി ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തതായി മൊഴി.
  • വ്യാജ സുപ്രീം കോടതി ഉത്തരവ്: 2018-ൽ സുപ്രീം കോടതിയുടെ വ്യാജ മോചന ഉത്തരവ് ചമച്ചാണ് പ്രതി ശങ്കറിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത്.
  • പോലീസ് കസ്റ്റഡിയിൽ: അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.

വ്യാജ സുപ്രീം കോടതി ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലൈംഗികാതിക്രമ വിവരങ്ങള്‍ പുറത്തുവന്നത്.

ALSO READ: ഫ്ലൈദുബൈ വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയാറായിരുന്നു! കോക്പിറ്റിൽ സഹപൈലറ്റിന്റെ അക്രമം; അടിയന്തര യുദ്ധവിമാനങ്ങൾ സജ്ജമാക്കി ഇസ്രായേൽ വ്യോമസേന

വ്യാജ സുപ്രീം കോടതി ഉത്തരവും മോചനവും

2004-ല്‍ ചിക്കപേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷിച്ച ശങ്കര്‍ എ. എന്ന തടവുകാരന്‍ 2018 നവംബര്‍ 13-നാണ് ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മേല്‍ക്കോടതികളിലെല്ലാം ശിക്ഷ ശരിവെച്ചിരുന്നെങ്കിലും സുപ്രീം കോടതിയുടെ പേരിലുള്ള വ്യാജ രേഖ ചമച്ചാണ് ഇയാള്‍ ജയില്‍ മോചിതനായത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയിലിലെ എസ്.ഡി.എ ജീവനക്കാരനായ ശ്രീകാന്ത് എസ്. ആണ് വ്യാജ മോചന ഉത്തരവ് തയാറാക്കിയതെന്ന് കണ്ടെത്തി.

മൊഴി പുറത്തുകൊണ്ടുവന്ന തട്ടിപ്പ്

കേസുമായി ബന്ധപ്പെട്ട് തടവുകാരനായ ശങ്കറിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അന്നത്തെ ജയില്‍ ചീഫ് സൂപ്രണ്ടായിരുന്ന സോമശേഖറിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നത്. ഭര്‍ത്താവിന്റെ മോചനം സാധ്യമാക്കാന്‍ സോമശേഖര്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കി.

തടവുകാരന്റെ അനധികൃത മോചനത്തില്‍ സോമശേഖറിന് നേരിട്ട് പങ്കുണ്ടെന്നും, വ്യാജ രേഖയാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ ഒത്താശ ചെയ്‌തെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല

കേസില്‍ അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും പ്രധാന വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സോമശേഖറിനെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വ്യാജ ഉത്തരവ് ഉണ്ടാക്കിയതിന് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക ഇടപാടുകള്‍, മറ്റ് ജയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: Bengaluru News, Bengaluru Central Prison, DIG Somashekar, Parappana Agrahara, Karnataka Police, Crime News Malayalam, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക