ബില്‍ക്കീസ് ബാനു കേസ്: 11 നരാധമന്‍മാരും കീഴടങ്ങി; ജയിലിലടച്ചു
|
അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 11 നരാധമന്‍മാരും കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11.45ഓടെ ഗോധ്‌റ സബ്ജയിലിലെത്തിയാണ് കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഈ മാസം എട്ടിന് വിധിച്ചതോടെയാണ് കീഴടങ്ങല്‍.
കൂടുതല്‍സമയം ആവശ്യപ്പെട്ട് കുറ്റവാളികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവര്‍ത്തിച്ച കോടതി ഹര്‍ജികള്‍ തള്ളിയതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇന്നലെ പ്രതികള്‍ ജയിലിലെത്തിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. ജയിലധികൃതര്‍ക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനു ഉള്‍പ്പെടെ എട്ട് സ്ത്രീകളെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ബില്‍ക്കീസിന്റെ മൂന്നു വയസുള്ള മകന്‍ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഇവരെ 2022ലെ സ്വാതന്ത്ര്യദിനത്തില്‍ നല്ലനടപ്പിന്റെ പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ ജയിലില്‍നിന്ന് വിട്ടയക്കുകയായിരുന്നു.





