08
Oct 2023
Wed
08 Oct 2023 Wed

ബല്‍കീസ് ബാനു കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും; കോടതി മുമ്പാകെയുള്ളത് ഒരുകൂട്ടം ഹരജികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ബല്‍കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരായ ബി.വി നാഗരത്‌നയും ഉജ്ജല്‍ ഭുയ്യനും അടങ്ങുന്ന സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് മുമ്പാകെയാണ് കേസുള്ളത്. കേസില്‍ ഹരജിക്കാരുടെ വിശദമായ സത്യവാങ്മൂലം ലഭിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു. ഇരയാക്കപ്പെട്ട ബല്‍കീസ് ബാനുവിന്റെതുള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികളാണ് വിഷയത്തില്‍ സുപ്രിംകോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിക്കുക.

കുറ്റവാളികളെ മോചിപ്പിച്ചത് ചോദ്യംചെയ്ത് സി.പി.എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, ലഖ്‌നൗ സര്‍വകലാശാല മുന്‍ വി.സി രൂപ് രേഖ വര്‍മ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ മഹുവ മോയിത്ര തുടങ്ങിയവരും ഹരജി നല്‍കിയിരുന്നു. എല്ലാം ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രിംകോടതി ചോദ്യംചെയ്തിരുന്നു.

അഞ്ചുമാസം ഗര്‍ഭിണിയായ ബല്‍കീസ് ബാനുവിനെ കൂട്ടബലാത്സംഗംചെയ്യുകയും തുടര്‍ന്ന് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചത്. ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും ക്രൂരസംഭവങ്ങളിലൊന്നായ ഈ കേസില്‍ 2008ലാണ് മുബൈ സി.ബി.ഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക