ഭോപ്പാൽ: ഡിജെ സംഗീതത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ മുസ്‌ലിം കുടുംബത്തിന്റെ മൂന്ന് നില വീട് തകർത്ത് ബിജെപി ഭരണകൂടം. മധ്യപ്രദേശിൽ ഉജ്ജയിനിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജൂലൈ 17ന് നടന്ന ഹിന്ദുമത ഘോഷയാത്ര ‘മഹാകൽ കി സവാരി’ക്ക് നേരെ തുപ്പിയെന്നാരോപിച്ചാണ് നടപടി. ജില്ലാ ഭരണകൂടമാണ് വീട് പൊളിച്ചത്.
|
പൊലീസ് സാന്നിധ്യത്തിൽ വീട് ഇടിച്ചുനിരത്തുമ്പോൾ കെട്ടിടത്തിന് പുറത്ത് ചിലർ ഡ്രം അടിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. മുന്ന് മുസ്‌ലിം സഹോദരങ്ങളുടേതാണ് വീട്. രണ്ട് പേർ അവരുടെ വീടിന് മുകളിൽ നിന്ന് ഘോഷയാത്രയ്ക്ക് മുകളിലേക്ക് തുപ്പിയത് തങ്ങൾ കണ്ടു എന്ന് ആരോപിച്ച് സവാൻ ലോട്ട്, യോഗേഷ് ബാർമർ, അജയ് ഖാട്‌രി എന്നിവർ ഉജ്ജയിൻ പൊലീസിൽ നൽകിയ പരാതിയിൽ ഇവരെയും മറ്റ് രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബോധപൂർവമായി മതവികാരം വ്രണപ്പെടുത്തൽ, ആരാധനാസ്ഥലത്ത് കുറ്റകൃത്യം നടത്തൽ, സമ്മേളനത്തെ ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. സാമുദായിക സൗഹാർദം തകർക്കാനായി മതപരമായ ഘോഷയാത്രയ്ക്ക് മുകളിലേക്ക് തുപ്പിയതിനാണ് ചിലരെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ആകാശ് ഭൂരിയ മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടിടം പൊളിക്കുമ്പോൾ ഡിജെയും ബാന്റ് മേളവും ഉപയോഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘കൈയേറിയ കെട്ടിടങ്ങൾ പൊളിക്കുന്നത് പരസ്യമായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണത്’ എന്നായിരുന്നു ആകാശ് ഭൂരിയയുടെ വാദം. അതിനിടെ ആരോപണ വിധേയർ മനഃപൂർവം തുപ്പിയതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാകാൻ സാധ്യതയുണ്ടെന്നും ഒരു പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞുവെന്ന് ക്വിന്റ് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ശത്രുത പടർത്താൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ലെന്നും അവരെ തകർക്കുമെന്നും ബിജെപി വക്താവ് ആശിഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ പ്രായപൂർത്തയാകാത്ത രണ്ട് ആൺകുട്ടികളെ ജുവൈനൽ ജസ്റ്റിസ് ബോർഡിലും മുതിർന്നവരെ കോടതിയിലും ഹാജരാക്കിയെന്ന് ടൗൺ ഇൻസ്‌പെക്ടർ രാജീവ് സിങ് ഗുർജാർ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





