കൊൽക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടെയുണ്ടായ സംഘർഷം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
|
അക്രമങ്ങൾക്കിടെ തൃണമൂൽ സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയുടെ ബന്ധുവും വെട്ടേറ്റ് മരിച്ചു. കൂച്ച് ബിഹാറിലെ ദിൻഹതയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യാസഹോദരൻ ആണ് വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രി വൈകി ശംഭുദാസിനെ ചില അക്രമികൾ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയതായി കുടുംബം അവകാശപ്പെട്ടു.
ശംഭുദാസിന്റെ ഭാര്യാസഹോദരി വിശാഖ ദാസ് കിസ്മത്ത് ദസ്ഗ്രാമിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം നദിക്കരയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ മാൾഡ ജില്ലയിൽ തൃണമൂൽ സ്ഥാനാർത്ഥിയെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചു.
മരിച്ച മുസ്തഫ ഷെയ്ഖ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചു.
അടുത്തമാസം എട്ടിനാണ് ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ഗ്രാമപഞ്ചായത്തുകളിലുമായി ഏകദേശം 74,000 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അക്രമം ആസൂത്രണം ചെയ്ത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അക്രമ സംഭവങ്ങളിൽ തന്റെ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് അവർ പറഞ്ഞു, എല്ലാ സ്ഥാനാർത്ഥികളെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കണമെന്ന് ടിഎംസി തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ‘ഏകദേശം 74,000 ബൂത്തുകളുള്ളതിൽ, ചില സംഭവങ്ങൾ രണ്ടോ മൂന്നോ ഇടങ്ങളിൽ മാത്രമാണ് സംഭവിച്ചത്. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ആ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടില്ല,’ മമത ബാനർജി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





