06
Feb 2024
Wed
06 Feb 2024 Wed

തിരുവനന്തപുരം: ബിജെപി പദയാത്ര ഗാനവിവാദത്തിൽ ഐടി സെല്ലിന് മൂക്കുകയര്‍. ഐടി സെൽ കൺവീനർ സ്ഥാനം ഇനി വെറും സാങ്കേതിക ചുമതല മാത്രമാവും. ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്നും ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി സംസ്ഥാന ഐടി സെല്ലിൻ്റെ അധികാരപരിധി വെട്ടിച്ചുരുക്കി. ബിജെപി ഐടി സെല്ലിനു പകരം നവമാധ്യമങ്ങളിലെ അഭിപ്രായ രൂപീകരണത്തിനും അഭിപ്രായപ്രകടനത്തിനും പുതിയ സംവിധാനം ഏർപ്പെടുത്തും. പുതിയ സംവിധാനം എൻഡിഎ ലേബലിലാവും.

ബിജെപി ഐടി നിർവഹിച്ചിരുന്ന ചുമതലകൾ ഇനി മുതൽ നിർവഹിക്കുക എൻഡിഎ ഐടി സെൽ ആയിരിക്കും. എൻഡിഎ ഐടി സെല്ലിന് പുതിയ കോഡിനേറ്റർ പദവി സൃഷ്ടിക്കും. ഒരു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് എൻഡിഎ ഐടി സെല്ലിന്റെ പൂർണ ചുമതല നൽകും.

ബിജെപി ഐടി സെൽ കൺവീനർ ഇനി മുതൽ സാങ്കേതിക കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതി എന്ന് യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നു. വി മുരളീധരനും ജാഥാ ഇൻചാർജ് പി സുധീറും ജനറൽ സെക്രട്ടറി എം ടി രമേശ് ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കൾ ജയശങ്കറിനോടുള്ള എതിർപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് കെ സുരേന്ദ്രൻ നയിച്ച പദയാത്രയിലെ ഗാനം കൈവിട്ടുപോയത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വരി വിവാദമാവുകയായിരുന്നു. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നായിരുന്നു ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം പിന്നീട് സോഷ്യൽമീഡിയ ഏറ്റെടുത്തു. വന്‍ ട്രോളുകളും ഉയര്‍ന്നു. ഇതോടെ ഗാനം ബിജെപിയുടെ യൂട്യൂബ് പേജില്‍ നിന്നടക്കം നീക്കി.

2012ൽ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനം സുരേന്ദ്രൻ്റെ പദയാത്രയിലെ ഗാനങ്ങളിൽ അബദ്ധത്തില്‍ മിക്സ് ചെയ്തുപോയതാണ് എന്നായിരുന്നു പാര്‍ട്ടി വിശദീകരണം. തുടർന്ന് ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരണം തേടുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക