04
Oct 2026
Sun
04 Oct 2026 Sun

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി. സംഭവത്തിൽ ലഭിച്ച പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പൊലീസ് അറിയിച്ചു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുന്നതിനായാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധത്തിനിടെ ഒരു അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (ACP) തന്നെ അനുചിതമായി സ്പർശിക്കുകയും പിന്നീട് തള്ളിമാറ്റുകയും ചെയ്തതായി ഒരു വനിതാ മാധ്യമപ്രവർത്തക ആരോപിച്ചു. പൊലീസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവമെന്നും അവർ പറഞ്ഞു.

പരാതി നൽകുന്നതിനായി തങ്ങളും മറ്റ് മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി ഉടൻ രജിസ്റ്റർ ചെയ്തില്ലെന്നും അവർ ആരോപിച്ചു.

സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യത്തിൽ ഇത്തരം പെരുമാറ്റം സാധാരണവത്കരിക്കരുതെന്നും മാധ്യമപ്രവർത്തകർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ ഡൽഹി പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പ്രസ് കൗൺസിൽ ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഘർഷം. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകരെ വലിച്ചിഴച്ചെന്നും ക്യാമറകൾ പിടിച്ചെടുത്തെന്നും ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ സംഭവത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ALSO READ: വയറുവേദനയുമായി എത്തിയ 9 വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 1 കിലോ മുടിക്കെട്ട്; അപൂർവമായ ‘റാപുൻസൽ സിൻഡ്രോം’

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക