23
Aug 2022
Sat
23 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ പൊതുവിടത്തിൽ കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ബിജെപി നേതാവിനെതിരെ കേസ്. ബിജെപി കിസാൻ മോർച്ച ദേശീയ എക്സിക്യുട്ടീവ് അം​ഗം ശ്രീകാന്ത് ത്യാ​ഗിക്കെതിരെയാണ് നോയ്ഡ പൊലീസ് കേസെടുത്തത്. ഹൗസിങ് സൊസൈറ്റിക്കുള്ളിലെ തർക്കത്തെ തുടർന്നാണ് ഇയാൾ യുവതിയെ മർദിച്ചത്.

 

നോയ്ഡിലെ സെക്ടർ 93ബിയിലെ ​ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലാണ് സംഭവം. ശ്രീകാന്ത് ത്യാഗി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെ സ്ത്രീ എതിർത്തപ്പോൾ, തനിക്ക് അതിനുള്ള അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാൾ പ്രശ്നമുണ്ടാക്കിയത്. സ്‌ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും അപകീർത്തികരമായ പ്രയോ​ഗങ്ങൾ നടത്തുകയും ചെയ്ത ത്യാഗി അവരുടെ ഭർത്താവിനെയും അധിക്ഷേപിച്ചു.

 

സൊസൈറ്റിയിലെ പാർക്ക് ശ്രീകാന്ത് ത്യാഗി അനധികൃതമായി കൈവശം വച്ചിരുന്നു. ഇത് മറ്റ് താമസക്കാർക്ക് അസൗകര്യമുണ്ടാക്കി. പാർക്കിന്റെ അനധികൃത കൈവശപ്പെടുത്തലിന്റെ പേരിൽ ശ്രീകാന്തിന് നോട്ടീസ് നൽകിയിരുന്നു, എന്നാൽ ശ്രീകാന്ത് അതിന് മറുപടി നൽകാതിരിക്കുകയും തന്റെ പദവി ഉപയോ​ഗിച്ച് നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.

 

കാര്യങ്ങൾ ബോധ്യപ്പെടുത്താൻ യുവതി ശ്രമിക്കുമ്പോൾ, പ്രകോപിതയ ശ്രീകാന്ത് അവരെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇതിനെ യുവതി ചോദ്യം ചെയ്തപ്പോൾ ഇയാൾ അവരെ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

 

സംഭവത്തിൽ ശ്രീകാന്ത് ത്യാ​ഗിക്കെതിരെ ഐപിസി 354ാം വകുപ്പ് പ്രകാരം കേസെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (സ്ത്രീസുരക്ഷ) അങ്കിത ശർമ പറഞ്ഞു. അന്വേഷണത്തിനു ശേഷം ആവശ്യമായ മറ്റു വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും അവർ അറിയിച്ചു.