|
ചെന്നൈ: ഹിന്ദി സംസാരിച്ചതിന് ബിഹാർ സ്വദേശികളായ 12 അതിഥി തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിക്കൊന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി നേതാവിനും സമാന സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്കുമെതിരേ തമിഴ്നാട് പൊലിസ് കേസെടുത്തു. ഉത്തർപ്രദേശ് ഘടകം ബി.ജെ.പി വക്താവ് പ്രശാന്ത് ഉമാറാവു, ദൈനിക് ഭാസ്‌കറിന്റെ മുതിർന്ന എഡിറ്റർ, ബിഹാറിലെ മറ്റൊരു മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരേയാണ് കേസ്.
അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഉമാറാവു സുപ്രിംകോടതിയിലെ ഗോവ സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലാണ്. മൂവരെയും അറസ്റ്റ്ചെയ്യാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് പൊലിസ് മേധാവി അറിയിച്ചു. ഭാഷയുടെയും പ്രദേശത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിൽ വൈര്യം വളർത്താൻ ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് ബി.ജെ.പി നേതാവിനെതിരേ കേസെടുത്തത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന വകുപ്പാണ് ദൈനിക് ഭാസ്‌കർ എഡിറ്റർക്കെതിരേ ചുമത്തിയത്. ഐ.ടി വകുപ്പാണ് തൻവീർ പോസ്റ്റ് യൂട്യൂബ് ചാനൽ നടത്തുന്ന മുഹമ്മദ് തൻവീറിനെതിരേ ചുമത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നിൽക്കുന്ന ഫോട്ടോ സഹിതം കഴിഞ്ഞ ദിവസമാണ് പ്രശാന്ത് വ്യാജസന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്. കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾ നടക്കുമ്പോഴും സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയാണ് ബിഹാർ ഉപമുഖ്യമന്ത്രിയെന്ന് ട്വീറ്റിൽ ആരോപിച്ചു. ഇത് വിവാദമാകുകയും വിശദീകരണവുമായി തമിഴ്നാട് രംഗത്തുവരികയും ചെയ്തതോടെ അദ്ദേഹം സന്ദേശം നീക്കി. സംസ്ഥാനത്തെ എല്ലാ ഉത്തരേന്ത്യൻ തൊഴിലാളികളും സുരക്ഷിതരാണെന്ന് തമിഴ്നാട് സർക്കാർ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാവ് ഒളിവിൽ പോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇയാൾ നേരത്തെയും നിരവധി വ്യാജസന്ദേശങ്ങളാണ് പങ്കുവച്ച് വിവാദത്തിൽപ്പെട്ടത്.





