ഗാന്ധിനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നിലെ കേസിനു കാരണക്കാരനായ ബിജെപി എംഎൽഎയുടെ ആദ്യ കുടുംബപ്പേര് മോദി അല്ല. പരാതിക്കാരനായ ബിജെപി സൂറത്ത് എംഎൽഎ പൂർണേഷ് മോദിയുടെ ആദ്യ കുടുംബപ്പേര് ‘ഭൂത്‌വാല’ എന്നായിരുന്നു.
|
എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര് എങ്ങനെയാണ് വന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപഹാസ്യ പരാമർശം. ഇത് ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു കേസ്. എന്നാൽ തന്റെ കുടുംബപ്പേര് ആദ്യം ‘ഭൂത്‌വാല’ എന്നായിരുന്നുവെന്ന് പൂർണേഷ് മോദി തന്നെ പറയുന്നു. പിന്നീട് ഇത് ‘മോദി’യിലേക്ക് മാറ്റുകയായിരുന്നുവെന്നും പൂർണേഷ് മോദി വ്യക്തമാക്കി.
പൂർണേഷ് മോദിയുടെ കുടുംബപ്പേര് ‘ഭൂത്‌വാല’ എന്നാണെന്നും ‘മോദി’ അല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞതോടെയാണ് ഇയാൾ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. 1988ൽ ആണ് ‘മോദി’ യിലേക്ക് മാറ്റിയതെന്നും പൂർണേഷ് വ്യക്തമാക്കി. സൂറത്ത് കോടതിയിൽ വാദം കേൾക്കവെ പൂർണേഷ് മോദി കുടുംബപ്പേര് മാറ്റിയതിന്റെ രേഖകളും സമർപ്പിച്ചിരുന്നു.
പൂർണേഷ് മോദി കോടതിയിൽ സമർപ്പിച്ച സ്കൂൾ ടിസിയിൽ ‘ഭൂത്‌വാല’എന്നത് തന്റെ അവസാന പേരായും ജാതിയായി ‘മോദി ഗഞ്ചി’ എന്ന് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. 1994ൽ ആണ് മോദി സമുദായത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഒരു നാടോടി സമുദായത്തിന്റെ പേരാണ് മോദി. കാലങ്ങൾക്ക് ശേഷം എണ്ണ ഉത്പാദന ബിസിനസിൽ പങ്കാളികളായി വന്ന മോദി സമുദായത്തിലുളളവർ ഗുജറാത്തിൽ സ്ഥിര താമസമാക്കുകയായിരുന്നു.
ചായക്കടകളിലടക്കം ജോലി ചെയ്ത പൂർണേഷ് 1992ൽ ആണ് തന്റെ നിയമബിരുദം പൂർത്തിയാക്കിയത്. പിന്നീട് ഒരു നിയമ സ്ഥാപനത്തിൽ ജോലിക്ക് കയറി. മൂന്ന് തവണയാണ് പൂർണേഷ് എംഎൽഎയായത്. രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം മോദി എന്ന പേര് ഉപയോഗിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ മുറിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണെന്നായിരുന്നു ഇയാളുടെ വാദം.
മോദി സമുദായത്തിലുള്ള കോടിക്കണക്കിന് പേരാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം മൂലം അപമാനിക്കപ്പെട്ടതെന്നും പൂര്‍ണേഷ് പറഞ്ഞിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എല്ലാ കളളന്മാർക്കും പേരിൽ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്നായിരുന്നു നീരവ് മോദി, ലളിത് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ പേരുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ പരാമർശം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





